പാലക്കാട്: പുതിയ സർക്കാർ കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകൾ. കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ, സ്വകാര്യ ബസ് മേഖല തകരുന്നതിന് കാരണമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. സ്വകാര്യ ബസിലെ യാത്രാനിരക്ക് സർക്കാർ വർധിപ്പിക്കണം. വിദ്യാർഥികൾക്ക് നൽകുന്ന കൺസഷൻ ഉൾപ്പെടെ ഒഴിവാക്കണമെന്നും ടി. ഗോപിനാഥൻ പറഞ്ഞു.
ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ സ്വകാര്യ ബസ് മേഖലക്ക് ഇനി പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ടി. ഗോപിനാഥൻ പറഞ്ഞു. ആശങ്കകൾ നാളെ തന്നെ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കണ്ട് അറിയിക്കും. സർക്കാരിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ടി. ഗോപിനാഥൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ യു.ഡി.എഫിന്റെ ഗ്യാരന്റികളിലൊന്നായിരുന്നു കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയെന്നത്. സത്യപ്രതിജ്ഞക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂൺ 15 മുതൽ കേരളത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ പിന്നെ അറിയിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ അഞ്ച് ഇന്ദിരാ ഗാരണ്ടികളിൽ രണ്ടെണ്ണം നടപ്പാക്കാൻ ഉത്തരവിട്ട് യു.ഡി.എഫിന്‍റെ ആദ്യ മന്ത്രിസഭാ യോഗം നടന്നു. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ജൂൺ 15 മുതൽ വനിതകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി വി.ഡി സതീഷന്‍റെ പ്രഖ്യാപനം. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപവത്കരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3000 രൂപ വർധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അംഗൻവാടി ജീവനക്കാരുടെ വേതനം 1000 രൂപ വർധിപ്പിച്ചു. ഇത് ആദ്യഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും 1000 രൂപ കൂട്ടി. പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനവും 1000 രൂപ കൂട്ടി. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരന്‍ പ്രോടേം സ്പീക്കറാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി. അസഫലിയെ നിയമിച്ചു. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച നടക്കും. സാമ്പത്തിക സ്ഥിതിയിൽ ധളവ പത്രം ഇറക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.