Representational Image

കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കാൻ പോയി, തിരിച്ചുവന്നപ്പോൾ ബസ് കാണാനില്ല; ആശങ്ക, അങ്കലാപ്പ്; ഒടുവിൽ കണ്ടെത്തി, ബസ് ബത്തേരി ഡിപ്പോയിൽ..!

പുൽപള്ളി (വയനാട്): കബനിഗിരിയിൽനിന്ന് പത്തനംതിട്ടയിലേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് (നമ്പർ ആർ.ടി.സി 324) ‘കാണാതായി’. ബസ് പിന്നീട് ബത്തേരി ഡിപ്പോയിൽനിന്ന് കണ്ടുകിട്ടി. ഞായറാഴ്ച രാവിലെ എട്ടോടെ പത്തനംതിട്ടയിൽനിന്നെത്തിയ ബസ് കബനിഗിരിയിൽ നിർത്തിയിടുകയായിരുന്നു. വൈകീട്ട് പത്തനംതിട്ടക്ക് തിരിച്ചുപോകാനായി ബസ് എടുക്കാൻ വന്നപ്പോഴാണ് കാണാതായത് ശ്രദ്ധയിൽപെട്ടത്.

സമീപത്തുള്ള കെട്ടിടത്തിലാണ് ഡ്രൈവറും കണ്ടക്ടറും ഉറങ്ങിയിരുന്നത്. ഞായറാഴ്ച വൈകീട്ട് 3.25ന് ഈ ബസ് ബോർഡ് വെക്കാതെ മുള്ളൻകൊല്ലിയിലൂടെ കടന്നുപോയതായി നാട്ടുകാർ അറിയിച്ചു. ഡ്രൈവർ ഇതുസംബന്ധിച്ച് പുൽപള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അബദ്ധം പിണഞ്ഞതാണെന്ന് കണ്ടെത്തിയത്.

പെരിക്കല്ലൂരിൽ നിർത്തിയിടുന്ന പാലാ-പൊൻകുന്നം കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവർക്ക് ഞായറാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായിരുന്നു. ഇതേതുടർന്ന് കെ.എസ്.ആർ.ടി.സിയുടെ ബത്തേരി ഡിപ്പോയിൽനിന്ന് ഒരു ഡ്രൈവറെ പ്രസ്തുത ബസ് എടുത്ത് ബത്തേരിയിലെത്തിക്കാൻ അധികൃതർ വിട്ടിരുന്നു.

ഈ ജീവനക്കാരൻ കബനിഗിരിയിലെത്തി തെറ്റായ കെ.എസ്.ആർ.ടി.സി ബസുമായി ബത്തേരി ഡിപ്പോയിലേക്ക് പോകുകയായിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബസ് ബത്തേരി ഡിപ്പോയിലുണ്ടെന്ന് കണ്ടെത്തിയത്. 



Tags:    
News Summary - KSRTC bus 'missing', later found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.