തിരുവനന്തപുരം: വരുമാന നഷ്ടത്തിന്റെ പേരുപറഞ്ഞ് കെ.എസ്.ആർ.ടി.സിയുടെ ശൃംഖലയിൽനിന്ന് വെട്ടിക്കുറച്ചത് 35,682 കിലോമീറ്റർ. ‘കിലോമീറ്ററിന് 35 രൂപ ലഭിക്കാത്തതും പ്രയോജനമില്ലാത്തുമായ’ ട്രിപ്പുകൾ എന്ന് എഴുതിത്തള്ളിയാണ് ഇത്രയും ദൂരത്തെ സർവിസുകൾ നിർത്തലാക്കിയത്. സർവിസ് പുനഃക്രമീകരണത്തിന്റെ മറവിലാണ് റൂട്ടുകൾ കൈവിട്ടത്.
മുൻകാലങ്ങളിൽ സാമൂഹികപ്രതിബദ്ധത കൂടി പരിഗണിച്ചായിരുന്നു സർവിസുകൾ നിശ്ചയിക്കുന്നത്. എന്നാൽ, അതൊഴിവാക്കി പകരം കിലോമീറ്റർ അടിസ്ഥാനപ്പെടുത്തിയുള്ള വരുമാനമാണ് പുതിയ പരിഗണന. ഇതോടെ, ഗ്രാമീണ റൂട്ടുകളിൽ പലതിലും കെ.എസ്.ആർ.ടി.സി സാന്നിധ്യം തീരെ ഇല്ലാതായി. ഈ റൂട്ടുകളെല്ലാം സ്വകാര്യബസുകൾക്ക് വിട്ടുകൊടുത്താണ് കെ.എസ്.ആർ.ടി.സിയുടെ കളംമാറ്റം.
അതേസമയം, സ്വകാര്യ ബസുകൾക്കുള്ള പെർമിറ്റിൽ രാത്രി ഒമ്പതും പത്തും വരെ സർവിസ് നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും ഏഴോടെ ഇവരെല്ലാം സർവിസ് അവസാനിപ്പിക്കുകയാണ്. ഇത് ഗ്രാമീണ മേഖലകളിൽ യാത്രാക്ലേശം രൂക്ഷമാക്കുന്നു. ഒന്നിലധികം ബസുകളുള്ള റൂട്ടുകളിൽ ‘ഓരോ ദിവസവും ഓരോ ബസ്’ എന്ന നിലയിൽ ഊഴംവെച്ച് അവസാന ട്രിപ് ഓപറേറ്റ് ചെയ്യണമെന്ന് മാസങ്ങൾക്ക് മുമ്പ് ഗതാഗത മന്ത്രി നിർദേശിച്ചിട്ടും നടപ്പായിട്ടില്ല.
കിലോമീറ്റർ വെട്ടിക്കുറക്കൽ കെ.എസ്.ആർ.ടി.സിക്ക് ഭീഷണിയായി പുതിയ പെർമിറ്റ് സ്വന്തമാക്കി സ്വകാര്യബസുകളുടെ കടന്നുകയറ്റത്തിന് കൂടി വഴിയൊരുക്കുകയാണ്. കിലോമീറ്ററിൽ 35 രൂപ വരുമാനം കിട്ടാത്ത സർവിസുകളെല്ലാം നിർത്തലാക്കാൻ ഡിപ്പോകൾക്ക് കെ.എസ്.ആർ.ടി.സി കർശന നിർദേശം നൽകിയിരുന്നു. ഇതോടെ, പല സർവിസുകളും നിലച്ചു. കെ.എസ്.ആർ.ടി.സി പിൻവാങ്ങിയതോടെ, ഈ റൂട്ടുകളിലെല്ലാം യാത്രാക്ലേശം രൂക്ഷമായി. ഈ ‘യാത്രാക്ലേശ’ത്തിന്റെ മറവിൽ നിയോജകമണ്ഡലാടിസ്ഥാനത്തിൽ ജനകീയ സദസ്സുകൾ വിളിച്ച് സ്വകാര്യ ബസുകൾക്ക് റൂട്ട് അനുവദിക്കാനുള്ള കുറുക്കുവഴി നീക്കങ്ങളാണ് നടന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 503 പെർമിറ്റുകളാണ് അനുവദിച്ചതും. ഇനിയും 508 പെർമിറ്റുകൾ കൂടി പരിഗണനയിലാണ്.
സാധാരണ ബസ് ഓടിക്കാന്‍ സൗകര്യമുള്ള റൂട്ടുകളിൽ ബസ് ഉടമകള്‍ അപേക്ഷിക്കുകയും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ (ആര്.ടി.എ) പരിശോധിച്ച് അനുവദിക്കുകയുമാണ് ചെയ്തിരുന്നത്. ഇതിന് വിരുദ്ധമായി ഇതാദ്യമായാണ് റൂട്ട് സർക്കാർ നിർദേശിക്കുകയും ബസുടമകളിൽനിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തത്. സ്വകാര്യബസുകൾ ഓടാൻ അനുമതി നൽകിയ 28,146 കിലോമീറ്റര്‍ പാതയില്‍ 617 കിലോമീറ്റർ മാത്രമാണ് നിലവില്‍ ബസ് സര്‍വിസ് ഇല്ലാത്തതെന്നതാണ് മറ്റൊരു കൗതുകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.