തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് വൻനാശനഷ്ടം. നിലവിലെ കണക്കുകൾ പ്രകാരം 1,596 ഹൈടെൻഷൻ പോസ്റ്റുകളും, 10,573 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. വിതരണമേഖലയിൽ ഏകദേശം 56.77 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
29.12 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. 20.52 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകാനായെന്നും കെ.എസ്.ഇ.ബി പറഞ്ഞു. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വെക്കേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യം മനസിലാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ അതിതീവ്രമഴയുടെ ആഘാതത്തിൽ ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കാസർകോട്ജില്ലകൾ ഓറഞ്ച് അലർട്ടിലും മറ്റ് ജില്ലകൾ യെല്ലോ അലർട്ടിലുമാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വാമനപുരം, പത്തനംതിട്ടയിലെ മണിമല, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. വയനാട് ജില്ലയിൽ അഞ്ചും ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓരോ ക്യാമ്പ് വീതവും തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.