തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി കെ.പി.എം.എസും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരിട്ടെത്തി കെ.പി.എം.എസ് ജനറൽ സെക്രട്ടറിയും നവോത്ഥാന സംരക്ഷണ സമിതി മുൻ കൺവീനറുമായ പുന്നല ശ്രീകുമാറിനെ സംഗമത്തിലേക്ക് ക്ഷണിച്ചു. ശബരിമലയുടെ അടിസ്ഥാനവികസനം മാത്രമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് പുന്നല ശ്രീകുമാറിനോട് പ്രശാന്ത് വിശദീകരിച്ചു.
സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദം അനവസരത്തിലുള്ളതാണെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇപ്പോൾ അതിൽ പ്രസക്തിയില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം പുന്നല ശ്രീകുമാർ വ്യക്തമാക്കി. ആ വിഷയത്തിൽ കോടതിവിധിക്ക് വേണ്ടി കാത്തിരിക്കാം.
തൽക്കാലം വിവാദങ്ങളിലേക്ക് പോകരുത്. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡിനെ അനുവദിക്കണം. വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന സംഗമമാണിത്. അതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ തലം സൃഷ്ടിക്കുന്നത് ഇപ്പോൾ അനവസരത്തിലുള്ള വിവാദമാണെന്നും പുന്നല പറഞ്ഞു. പുന്നല പൂർണ പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് സന്ദർശന ശേഷം പ്രശാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശന വിഷയത്തിലെ പരിഷ്കരണ ചിന്തയിൽനിന്ന് സർക്കാർ പിന്നോട്ടുപോകില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അങ്ങനെ പോകേണ്ടി വന്നാൽ സർക്കാറിന് വലിയതോതിൽ വില നൽകേണ്ടിവരുമെന്നുമായിരുന്നു പുന്നല കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.