കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുറത്ത്; അമർഷം പുകയുന്നു

തിരുവനന്തപുരം: നിലവിലെ കെ.പി.സി.സി ഭാരവാഹികള്‍ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുറത്ത്. പാർട്ടി നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും സമുദായ സമവാക്യം ഉൾപ്പെടെ പുറത്തുവന്ന പട്ടികയുടെ പേരിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പര്യടനം തുടരുന്നതിനിടെയാണ് വിവാദം.

പുതുതായി മൂന്ന് ബ്ലോക്കുകൾകൂടി രൂപവത്കരിച്ച് 285 കെ.പി.സി.സി അംഗങ്ങളുടെ പട്ടികക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്. ഒരു അസംബ്ലി നിയോജകമണ്ഡലത്തിൽ രണ്ട് ബ്ലോക്കുകളെന്ന നിലയിലാണ് കോൺഗ്രസിന്‍റെ സംഘടന സംവിധാനം. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലാണ് പുതിയ ഓരോ ബ്ലോക്ക് കമ്മിറ്റികൾകൂടി രൂപവത്കരിച്ചത്.

തൃക്കരിപ്പൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ മൂന്ന് ബ്ലോക്ക് കമ്മിറ്റികൾ നിലവിലുണ്ട്. ഇതനുസരിച്ച് ഒരു ബ്ലോക്കിൽനിന്ന് ഒരാളെന്ന നിലയിലാണ് 285 കെ.പി.സി.സി അംഗങ്ങളുടെ പട്ടിക തയാറാക്കിയത്. നിലവിലെ കെ.പി.സി.സി അംഗങ്ങളെ നിലനിർത്തിയപ്പോൾതന്നെ ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ സജീവമല്ലാത്തവരെ ഒഴിവാക്കിയും മരണം, രാജി എന്നിവ വഴിയുണ്ടായ ഒഴിവുകൾ നികത്തി.ബ്ലോക്കിൽ നിന്നുള്ളവർക്ക് പുറമെ കോൺഗ്രസ് നിയമസഭാകക്ഷിയിൽ നിന്നുള്ള 14 പേരും നിയമസഭാകക്ഷിനേതാവ്, ജീവിച്ചിരിക്കുന്ന മുൻ കെ.പി.സി.സി പ്രസിഡന്‍റുമാർ എന്നിവരും അംഗങ്ങളാണ്. ബ്ലോക്കുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടാത്ത എം.എൽ.എമാരാണ് നിയമസഭാകക്ഷിയിൽ നിന്നുള്ള 14 കെ.പി.സി.സി അംഗങ്ങൾ.അടുത്തിടെ ഡി.സി.സി അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ടർക്കെല്ലാം അംഗത്വം കിട്ടി. രാഹുൽ ഗാന്ധി ഒഴികെ സംസ്ഥാനത്ത് നിന്നുള്ള മുഴുവൻ ലോക്സഭാംഗങ്ങളും പട്ടികയിലുണ്ട്.

അതേസമയം, നിലവിലെ കെ.പി.സി.സി ഭാരവാഹികളിൽ പലർക്കും കെ.പി.സി.സി അംഗത്വമില്ല. അതിനാൽ ഇവരുടെ ഭാരവാഹിത്വവും ചോദ്യംചെയ്യപ്പെടാം. ജി.എസ്. ബാബു, ജി. സുബോധന്‍, മര്യാപുരം ശ്രീകുമാര്‍ എന്നീ കെ.പി.സി.സി ജന.സെക്രട്ടറിമാർക്കും ട്രഷറർ പ്രതാപചന്ദ്രനുമാണ് നിലവിൽ ഭാരവാഹികളായിട്ടും അംഗത്വം കിട്ടാതെ പുറത്തായത്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കെ.പി.സി.സി അംഗങ്ങളിൽ ഒരുസമുദായത്തെ പൂർണമായും തഴഞ്ഞു.

കെ.പി.സി.സി ജനറല്‍ ബോഡി പ്രഥമയോഗം വ്യാഴാഴ്ച

തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ജനറല്‍ ബോഡിയുടെ പ്രഥമയോഗം വ്യാഴാഴ്ച രാവിലെ പത്തരക്ക് കെ.പി.സി.സി ആസ്ഥാനത്ത് ചേരും. കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ തീരുമാനിക്കാനാണ് യോഗം. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ കെ. സുധാകരനെ വീണ്ടും കെ.പി.സി.സി അധ്യക്ഷനാക്കാനാണ് ധാരണ. അതിനാൽ കെ.പി.സി.സി പ്രസിഡന്‍റിനെ നിയമിക്കാൻ എ.ഐ.സി.സി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ച് യോഗം പിരിയാനാണ് സാധ്യത. കെ.പി.സി.സി ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ, എ.ഐ.സി.സി അംഗങ്ങൾ എന്നിവരെയും ഇന്നത്തെ ജനറൽബോഡി യോഗമാണ് തെരഞ്ഞെടുക്കേണ്ടത്. 

Tags:    
News Summary - KPCC members list out; Anger simmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.