മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം –കെ.പി.സി.സി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യാന്‍ കഴിയില്ളെന്ന് തെളിയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി എത്രയുംവേഗം വകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി വിശാല നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. അഞ്ചേരി ബേബി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും അഴിമതി ആരോപണവിധേയായ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാനും ഐക്യത്തോടെ പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും തീരുമാനിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോട്ടുകള്‍ പിന്‍വലിച്ച് ഇത്രയുംനാളായിട്ടും ഗുണപരമായ നടപടികള്‍ക്ക് രൂപംനല്‍കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞതും പ്രഖ്യാപിച്ചതും പൊള്ളയാണെന്ന് തെളിഞ്ഞു. നോട്ട് പിന്‍വലിക്കലിന് നിരത്തിയ ന്യായീകരണങ്ങളൊന്നും ശരിയല്ളെന്ന് ആര്‍.ബി.ഐ മേധാവികള്‍ തന്നെ പാര്‍ലമെന്‍ററി സമിതിക്ക് മുന്നില്‍ സമ്മതിച്ചു. വാഗ്ദാനലംഘനത്തിന്‍െറയും ജനവഞ്ചനയുടെയും പ്രതീകമായി പ്രധാനമന്ത്രിയെ വിശേഷിപ്പിക്കാം.

സംസ്ഥാന സര്‍ക്കാറിന്‍െറ നിഷ്ക്രിയ നിലപാട് റേഷന്‍ സംവിധാനത്തെ തകര്‍ത്തു. സംസ്ഥാനത്തിന്‍െറ പ്രശ്നം കേന്ദ്രത്തെ വേണ്ടസമയത്ത് അറിയിച്ചില്ല. അരിവില കുതിച്ചുയരുകയാണ്. രാഷ്ട്രീയ വാദപ്രതിവാദത്തിന് തയാറാകാതെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണം. ബി.ജെ.പിയും സി.പി.എമ്മും അക്രമപാതയിലാണ്. കൊലപാതകങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും തടയാന്‍ പൊലീസിന് കഴിയുന്നില്ല.

പൊലീസില്‍ സര്‍ക്കാറിനുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. കയര്‍, കൈത്തറി, കശുവണ്ടി മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. നെല്ല്, നാളികേരം എന്നിവ സംഭരിച്ചതിന്‍െറ കുടിശ്ശികയും പക്ഷിപ്പനിമൂലം കൊന്നാടുക്കിയ താറാവുകള്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശികയും എത്രയുംവേഗം വിതരണംചെയ്യണം. പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കുന്നതിന് താഴത്തേട്ടിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ ബൂത്ത് കമ്മിറ്റികളും പുന$സംഘടിപ്പിക്കും. പ്രവര്‍ത്തനക്ഷമമല്ലാത്ത മണ്ഡലം കമ്മിറ്റികളും പുന$സംഘടിപ്പിക്കും.
പാര്‍ട്ടിയിലെ മറ്റ് പുന$സംഘടനയെക്കുറിച്ച് എ.ഐ.സി.സിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. യു.ഡി.എഫിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് പൂര്‍ണ പിന്തുണനല്‍കാനും യോഗം തീരുമാനിച്ചതായി സുധീരന്‍ അറിയിച്ചു.

Tags:    
News Summary - kpcc to cm pinaray vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.