തിരുവല്ല: സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറിയായി കെ.പി. ഉദയഭാനു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തിരുവല്ലയിൽ സമാപിച്ച ജില്ല സമ്മേളനം 33 അംഗ ജില്ല കമ്മിറ്റിയെയും 20 അംഗ സംസ്ഥാന പ്രതിനിധികളെയും തെരഞ്ഞെടുത്തു. രണ്ടാംതവണയാണ് ഉദയഭാനു ജില്ല സെക്രട്ടറിയാകുന്നത്. അടൂർ ഏനാദിമംഗലം കുറുമ്പുകര പുത്തൻപുരയിൽ പരേതരായ പരമേശ്വരൻ-ലക്ഷ്മി ദമ്പതികളുടെ മകനായ ഉദയഭാനു 1975ൽ കർഷകത്തൊഴിലാളി യൂനിയൻ ഏനാദിമംഗലം വില്ലേജ് സെക്രട്ടറിയായാണ് പൊതുപ്രവർത്തനം ആരംഭിക്കുന്നത്.
ശൂരനാട് രകതസാക്ഷി ദിനാചരണത്തിൽ സൈക്കിൾ റാലിയിൽ പങ്കെടുത്തതിന് അടിയന്തരാവസ്ഥ കാലത്ത് മൂന്ന് മാസം ജയിൽശിക്ഷ അനുഭവിച്ചു. 1978ൽ കൊടുമണ്ണിൽ നടന്ന മിച്ചഭൂമി സമരത്തിൽ പങ്കെടുത്തതിനും ജയിൽവാസം അനുഭവിച്ചു.
രണ്ടുതവണ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡൻറായിരുന്നു. 1983ൽ അടൂർ ഏരിയ കമ്മിറ്റി അംഗമായ ഉദയഭാനു 1997ൽ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000ൽ അടൂർ ഏരിയ സെക്രട്ടറിയായി ഒരുവർഷം പ്രവർത്തിച്ചു. 2002ൽ ജില്ല സെക്രേട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പിന്നീട് അഖിലേന്ത്യ കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 63കാരനായ ഉദയഭാനു അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.