അടിമുടി പാർട്ടിയായി േകാടിയേരി ഒഴിയുമ്പോൾ

തിരുവനന്തപുരം: പാർട്ടിയെയും ഭരണത്തെയും ഒരുമയോടെ കൊണ്ടുപോയ പിണറായി-കോടിയേരി എന്ന ദ്വന്ദം കേരളത്തിൽ മാറുകയാണ്. അത് അംഗീകരിക്കുകയാണ് പിണറായിയും േകാടിയേരിയും സി.പി.എമ്മും.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം വട്ടം തെരഞ്ഞെടുക്കപ്പെട്ട് അഞ്ച് മാസം പിന്നിടുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിന്‍റെ അമരത്ത് നിന്ന് മാറുന്നത്. ഇത്തരത്തിൽ മാറുന്ന ആദ്യ സംസ്ഥാന സെക്രട്ടറിയും കോടിയേരിയാണ്.

മുമ്പ് ചടയൻ ഗോവിന്ദൻ അസുഖബാധിതനായെങ്കിലും സ്ഥാനത്ത് തുടരട്ടെ എന്ന നിലപാടായിരുന്നു നേതൃത്വം അന്ന് സ്വീകരിച്ചത്. പക്ഷേ കാലവും പാർട്ടിയും മാറുന്നതിനൊപ്പം പുതിയ വെല്ലുവിളി ഉയർന്നുവരുക കൂടി ചെയ്തപ്പോൾ അനിവാര്യതക്ക് കോടിയേരിയും പിന്നാലെ സി.പി.എമ്മും തയാറാവുകയായിരുന്നു.

ഏതൊരു പാർട്ടി സെക്രട്ടറിയും കൊതിക്കുന്ന ഒരുപിടി നേട്ടങ്ങൾ സി.പി.എമ്മിന് കൈവരിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചശേഷമാണ് കോടിയേരി പടിയിറങ്ങുന്നത്.

ഉപതെരഞ്ഞെടുപ്പുകളിലെ വിജയം, തദ്ദേശ തെരഞ്ഞെടുപ്പിലെ ആവർത്തനം ഒടുവിൽ നിയമസഭതെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ഭരണത്തുടർച്ച. അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മാത്രമായിരുന്നു പാർലമെന്‍ററി രംഗത്തെ ഏക തിരിച്ചടി. ഭരണത്തുടർച്ച കൈവരിക്കാൻ കഴിയുന്ന തരത്തിൽ സംഘടനയെ ഉടച്ചുവാർത്തു.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ ജില്ലസമ്മേളനങ്ങളിൽ പ്രാദേശിക വിഭാഗീയതകൾ നുള്ളിക്കളഞ്ഞു. പാർട്ടിയിൽ ഇപ്പോഴും അവശേഷിക്കുന്ന പാർലമെന്‍ററി വ്യാമോഹവും സ്ഥാനങ്ങൾക്കായുള്ള പിടിവലിയും നടത്തുന്നവർക്ക് കൂടിയുള്ള ടെക്സ്റ്റ് ബുക്ക് ഉദാഹരണം കൂടിയായി കോടിയേരിയുടെ സ്ഥാനം ഒഴിയൽ.

വേണമെങ്കിൽ പകരം ചുമതലയോ സഹായിക്കാൻ മറ്റൊരു ക്രമീകരണവും വേണമെങ്കിൽ ആകാമായിരുന്നു. പക്ഷേ, സി.പി.എമ്മിന് താൽക്കാലിക സെക്രട്ടറിയല്ല വേണ്ടതെന്ന് ഉറപ്പിച്ച്പറയാൻ കോടിയേരിക്ക് ആലോചിക്കേണ്ടിവന്നില്ല. അടിമുടി പാർട്ടിയായി മാറിയ കോടിയേരിക്ക് മുന്നിൽ വഴിപ്പെടുകയല്ലാതെ നേതൃത്വത്തിന് വഴിയില്ലായിരുന്നു.

പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ആയപ്പോൾ മനസ്സറിഞ്ഞ് പ്രവർത്തിച്ചതിന്‍റെ അനായാസത സി.പി.എമ്മും ഭരണവും അറിഞ്ഞിരുന്നു. താനായിട്ട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കാനുള്ള ഒരു വകയും കോടിയേരി ഉണ്ടാക്കിയിട്ടില്ല. പക്ഷേ പിതാവ് എന്ന നിലയിൽ മക്കൾ നൽകാത്ത 'മനഃസമാധാനം' വേണ്ടുവോളം അലട്ടിയിരുന്നു അദ്ദേഹത്തെ.

അസുഖത്തിന്‍റെ പേരിൽ മാറുമ്പോൾ 2020 ൽ മകനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തതും പ്രതിപക്ഷം കടന്നാക്രമിച്ചതും കൂടി അതിൽ പങ്കുവഹിച്ചു.

Tags:    
News Summary - kodiyeri balakrishnan left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.