കൊച്ചി സർവകലാശാല സംഘർഷം: നാലുപേർ അറസ്റ്റിൽ

കളമശ്ശേരി: എസ്.എഫ്.ഐ പഠിപ്പ് മുടക്കിനെ തുടർന്ന് കൊച്ചി സർവകലാശാലയിൽ നടന്ന സംഘർഷത്തിൽ ഒരു എസ്.എഫ്.ഐ പ്രവർത്തകനടക്കം നാലുപേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശി നിഹാൽ (20), പട്ടാമ്പി പള്ളിപ്പുറം സ്വദേശി നിഥിൻ ശ്രീനിവാസ് (23), പാലക്കാട് സ്വദേശി എസ്. മുഹമ്മദ് സാബിത് (20), വടകര, ഓഞ്ചിയം സ്വദേശി അശ്വന്ത് (22) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിൽ അശ്വന്ത് എസ്.എഫ്.ഐ പ്രവർത്തകനും, മറ്റുള്ളവർ സംഘർഷം നടന്ന സഹാറ ഹോസ്റ്റൽ താമസക്കാരുമാണ്. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുഭാഗത്തുനിന്നും 61 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 43 പേർക്കെതിരെ വധശ്രമത്തിനാണ് കേസ്. ഗുരുതര പരിക്കേറ്റ വിദ്യാർഥികളും കേസിലെ പ്രതികളാണ്. സർവകലാശാല യൂനിയൻ ചെയർമാൻ ഹാരിസ് മെഹറൂഫാണ് ഒന്നാം പ്രതി.

ഇയാളുടെ നേതൃത്വത്തിലാണ് എസ്.എഫ്.ഐ പ്രവർത്തകർ കമ്പിവടി അടക്കമുള്ള ആയുധങ്ങളുമായി ഹോസ്റ്റലിൽ തള്ളിക്കയറി ആക്രമണം നടത്തിയതെന്നാണ് മർദനത്തിന് ഇരയായവർ പറഞ്ഞത്.

സംഭവത്തിൽ പൊലീസ് ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് ഹോസ്റ്റൽ വിദ്യാർഥികൾ ആരോപിച്ചു. രാവിലെ പഠിപ്പുമുടക്കുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നിരപരാധികളായ രണ്ട് വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്തു. വൈകീട്ട് എസ്.എഫ്.ഐക്കാർ ഹോസ്റ്റലിൽ എത്തി ആക്രമണം നടത്തി ഗേറ്റ് കടന്ന് മടങ്ങും വരെ പൊലീസ് നടപടി സ്വീകരിച്ചില്ല.

പിന്നാലെ ഹോസ്റ്റലിൽ കൂടിനിന്നവർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. എസ്.എഫ്.ഐക്കാർ സഞ്ചരിച്ച രണ്ട് കാറുകൾ കണ്ടെത്താൻ പൊലീസിനായില്ല. ആക്രമണം നടത്തി ഹോസ്റ്റൽമുറിക്ക് തീയിട്ടവരെയും കണ്ടെത്തിയില്ല. പകരം ഹോസ്റ്റൽ താമസക്കാർക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തതെന്ന് വിദ്യാർഥികൾ ആരോപിച്ചു.

Tags:    
News Summary - Kochi University clash: Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.