കൊച്ചി ഇ.ഡി ഓഫിസിന് കനത്ത സുരക്ഷ: സുരക്ഷക്ക് സി.ഐ.എസ്.എഫിനു പുറമേ കേരള പൊലീസും

കൊച്ചി: സി.എം.ആർ.എൽ എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ കൊച്ചി ഇ.ഡി ഓഫിസിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. സി.ഐ.എസ്.എഫിന്റെ സുരക്ഷക്ക് പുറമേ 25 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഒരേസമയം സുരക്ഷക്കായി നിയോഗിച്ചത്.

തിരുവനന്തപുരം ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. കഴിഞ്ഞദിവസം അപ്രതീക്ഷിതമായിട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വീടുകളിൽ ഇ.ഡി റെയ്ഡ് നടന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ വലിയ പ്രതിഷേധവും ആക്രമണവുമാണ് ഉണ്ടായത്.

ഇ.ഡി ഉദ്യോഗസ്ഥർ വാഹനത്തിൽ പുറത്തേക്കിറങ്ങവേ പുറത്തുനിന്നിരുന്ന പ്രവർത്തകർ രോഷാകുലരാവുകയും കാറിന്റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. ആക്രമണത്തിൽ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും പിടികൂടിയിരുന്നു.

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ആവർത്തിച്ച് റെയ്ഡുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതാവിന്റെ വീടുകളിലും റിയാസിന്റെ വീട്ടിലുമടക്കം 12 ഇടങ്ങളിൽ റെയ്ഡ് നടന്നത്. ഇ.ഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.

ഇ.ഡിക്കെതിരെ നടന്നത് ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇ.ഡി റെയ്ഡ് രാഷ്ട്രീയ ആയുധമാക്കാനാണ് സി.പി.എം ഒരുങ്ങുന്നത്. വിഷയം ഇടതുമുന്നണി നേതൃത്വം ഏറ്റെടുക്കും. ഇന്ന് സംസ്ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടെ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പിണറായിക്കെതിരെയുള്ളത് രാഷ്ട്രീയ പകപോക്കൽ ആണെന്നും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ നേതാക്കളെ കേസുകളിൽ കുടുക്കാനുള്ള നീക്കമാണെന്നുമാണ് ഇടതുമുന്നണിയുടെ നിലപാട്.

Tags:    
News Summary - Heavy security has been deployed at the ED office in Kochi: In addition to CISF, 25 Kerala Police personnel have been deployed for security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.