കോഴിക്കോട്: ‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം വ്യാഴാഴ്ച കോഴിക്കോട് സ്വപ്ന നഗരിയില്‍ തുടങ്ങുമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആറു വേദികളിലായാണ് ചതുര്‍ദിന സമ്മേളനം. 56 സെഷനുകളിലായി 300 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒരുലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുലക്ഷത്തോളം പേര് നാലു ദിവസങ്ങളിലായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകീട്ട് നാലിന് സൗദി എംബസി അറ്റാഷെ ശൈഖ് ബദ്ര് നാസ്വിര്‍ അല്‍അനസി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള മുഖ്യാതിഥിയാകും. സമ്മേളന സുവനീര്‍ ജില്ല കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഢി മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദിന് നല്കി പ്രകാശനം ചെയ്യും. വൈകീട്ട് 6.45ന് ഇസ്ലാമിക് സമ്മിറ്റ് മലേഷ്യയിലെ ഹുസൈന് യീ ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ 10ന് ഖുര്‍ആന്‍ സെമിനാര്‍. ഉച്ച രണ്ടിന് ലഹരി വിരുദ്ധ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നവോത്ഥാന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഉദ്ഘാടനം ചെയ്യും. 6.45ന് സെക്കുലര്‍ കോണ്‍ഫറന്‍സ് സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച വൈകുന്നേരം നാലിന് ആസാദി കോണ്‍ഫറന്‍സ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 11ന് വനിത സമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ടിന് മനുഷ്യാവകാശ സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. എം.എ. യൂസുഫലി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ എന്നിവര്‍ അതിഥികളാവും.
വാര്‍ത്തസമ്മേളനത്തില്‍ കെ.എന്‍.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍, സ്വാഗതസംഘം ചെയര്മാന് എ.പി. അബ്ദുസമദ്, ട്രഷറര്‍ നൂര്‍മുഹമ്മദ് നൂര്‍ഷ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രഫ. പി.പി. അബ്ദുൽ ഹഖ്, കൺവീനർ ഡോ എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, മീഡിയ വിഭാഗം ചെയര്മാന് കെ മൊയ്തീന്‍കോയ, കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ എന്നിവരും പങ്കെടുത്തു.
കോഴിക്കോട്: കെ.എൻ.എം സെക്രട്ടറി എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി ജനം ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ കെ.എൻ.എമ്മിന്റെ നയം തന്നെയാണെന്ന് നേതാക്കൾ വ്യക്തമാക്കി. ബി.ജെ.പി സർക്കാറിനോടും സംഘ് പരിവാറിനോടും അഭിമുഖത്തിൽ സ്വലാഹി മൃദുസമീപനം പുലർത്തിയതായി വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ.
വസ്തുതകൾ തന്നെയാണ് അദ്ദേഹം പറഞ്ഞതെന്ന് ടി.പി. അബ്ദുല്ലക്കോയ മദനി വിശദീകരിച്ചു. ഇതിനെ മറ്റുനിലക്ക് വ്യാഖ്യാനിക്കേണ്ടതില്ല. പാണക്കാട് സാദിഖലി തങ്ങളെ സമ്മേളനത്തിന് ക്ഷണിച്ചിരുന്നുവെന്നും പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ലെന്നും നേതാക്കൾ പറഞ്ഞു. റഷീദലി തങ്ങളും മുനവ്വറലി തങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.