പാലക്കാട്: പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിലെ രഹസ്യാത്മകത ചോരുന്നെന്ന ആശങ്കയിൽ സർക്കാർ ഉദ്യോഗസ്ഥർ. പോസ്റ്റൽ വോട്ട് കവറിനുള്ളിൽ നിന്ന് സത്യപ്രസ്താവനയും പോസ്റ്റൽ ബാലറ്റും ഒരുമിച്ച് തുറന്ന് പരിശോധിക്കുന്നത് മുൻതെരഞ്ഞെടുപ്പുകളിൽ പലയിടങ്ങളിലും നടന്നതാണ് ആശങ്കപ്പെടുത്തുന്നത്.
പലപ്പോഴും സ്ഥാനാർഥികൾ പോസ്റ്റൽവോട്ടിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ, പോസ്റ്റൽ ബാലറ്റും സത്യപ്രസ്താവനക്കൊപ്പം തുറന്നുപരിശോധിച്ച് ബാലറ്റ് പേപ്പറിലെ സീരിയൽ നമ്പർ ഉൾപ്പെടെ ഉറപ്പ് വരുത്തണമെന്ന ആവശ്യം ചിലയിടങ്ങളിൽ അനുവദിച്ചുനൽകുന്നത് രഹസ്യാത്മകത ഇല്ലാതാക്കുകയാണെന്നാണ് പരാതി ഉയരുന്നത്. പ്രത്യേകിച്ച്, കുറച്ച് പോസ്റ്റൽ വോട്ടുകൾ മാത്രമുള്ള വില വാർഡ് തല വോട്ടുകളിലാണ് ആശങ്കയേറെ.
ചട്ടം അതിന് അനുവദിക്കുന്നില്ലെങ്കിലും സ്ഥാനാർഥി പ്രതിനിധികൾ ഉൾപ്പെടെ ഉള്ളവരുടെ സമ്മർദത്തിന് ചില വോട്ടെണ്ണൽ ഉദ്യോഗസ്ഥർ വശപ്പെടുന്നുണ്ടെന്നാണ് അനുഭവമെന്ന് ഉദ്യേഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു.
വിവിധ ഇടങ്ങളിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അവരവരുടെ വാർഡുകളിലെ സ്ഥാനാർഥികൾക്ക് വോട്ടുചെയ്യാനാണ് തപാൽ വോട്ട് സമ്പ്രദായം ഏർപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് തിയതിക്ക് മുമ്പ് ഇവർക്ക് ലഭ്യമാകുന്ന ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്ത് ചെറിയ കവറിലാക്കി ഒട്ടിക്കുന്നു. ശേഷം ഇതോടൊന്നിച്ച് ഫോറം 16ലുള്ള വോട്ടറുടെ സത്യപ്രസ്താവനയും ബാലറ്റ് പേപ്പർ ഉള്ളടക്കം ചെയ്ത ചെറിയ കവറും ഒന്നിച്ച് വലിയ കവറിലാക്കുന്നു.
പോസ്റ്റൽ വോട്ടിനൊപ്പമുള്ള സത്യപ്രസ്താവന ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാണ് വരണാധികാരിക്ക് അയക്കുന്നത്. സംശയം ഉന്നയിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക്, പോസ്റ്റൽവോട്ടുകൾ ആരുടെയൊക്കെയാണെന്ന് തിരിച്ചറിയാനാകാത്തവിധം ഇടകലർത്തി തുറന്ന് വോട്ടിങിലെ രഹസ്യാത്മകത നിലനിർത്തി മാത്രം വോട്ടുകൾ എണ്ണി തിട്ടപ്പെടുത്താൻ വരണാധികാരികൾക്ക് പ്രത്യേകം നിർദേശം നൽകണമെന്നാണ് ഉയരുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.