നടിയെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ ആറ് പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി വെ​ള്ളി​യാ​ഴ്ച ശി​ക്ഷ വി​ധി​ക്കും. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി കോടതി കണ്ടെത്തിയ പള്‍സര്‍ സുനി എന്ന എറണാകുളം വേങ്ങൂര്‍ വെസ്റ്റ് എളമ്പകപ്പിള്ളി നെടുവിലെക്കുടി വീട്ടില്‍ സുനില്‍ എന്‍.എസ്. (37), തൃശൂര്‍ കൊരട്ടി തിരുമുടിക്കുന്ന് പുതുശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (33), എറണാകുളം തമ്മനം എ.കെ.ജി നഗര്‍ മണപ്പാട്ടിപ്പറമ്പില്‍ വീട്ടില്‍ ബി. മണികണ്ഠന്‍ (36), കണ്ണൂര്‍ തലശ്ശേരി പൊന്നയം ചുണ്ടകപൊയ്യില്‍ മംഗലശേരി വീട്ടില്‍ വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എറണാകുളം ഇടപ്പള്ളി കുന്നുംപുറം പളിക്കപ്പറമ്പില്‍ വീട്ടില്‍ എച്ച്​. സലിം (29), പത്തനംതിട്ട തിരുവല്ല ചാത്തന്‍കരി പഴയനിലത്തില്‍ വീട്ടില്‍ പ്രദീപ് (31) എന്നിവര്‍ക്കുള്ള ശിക്ഷയാണ്​ ജഡ്ജി ഹണി എം. വര്‍ഗീസ് പ്രഖ്യാപിക്കുക.

ആറ്​ പ്രതികള്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (ഡി) കൂട്ടബലാത്സംഗം, 109 പ്രേരണാക്കുറ്റം, 366 തട്ടിക്കൊണ്ടുപോകല്‍, 201 തെളിവ് നശിപ്പിക്കല്‍, 212 പ്രതികളെ സംരക്ഷിക്കല്‍, 354 ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കല്‍, 354 (ബി) നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, 411 തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, 506 (1) ക്രിമിനല്‍ ഭീഷണി, 342 അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ഐ.ടി ആക്ട് 66(ഇ) പ്രകാരം സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ഐ.ടി ആക്ട് 67(എ) ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവുശിക്ഷ ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷന്‍.

ക​ഴി​ഞ്ഞ ദി​വ​സം എ​ട്ടാം​പ്ര​തി ന​ട​ൻ ദി​ലീ​പ് അ​ട​ക്കം നാ​ല് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടി​രു​ന്നു. വെറുതെവിടാനുള്ള സാഹചര്യം വിധിപ്പകര്‍പ്പ് പുറത്തുവരുന്നതോടെ വ്യക്തമാവും. ദിലീപിനെക്കൂടാതെ ഏഴ്, ഒമ്പത്, 15 പ്രതികളായ കണ്ണൂര്‍ ഇരിട്ടി കിളിയന്തറ പൂപ്പാളി വീട്ടില്‍ ചാര്‍ളി തോമസ് (50), മേസ്തിരി സനല്‍ എന്ന പത്തനംതിട്ട കോഴഞ്ചേരി മിലിപ്പാറ വെട്ടിപുരം സ്‌നേഹഭവനത്തില്‍ സനില്‍കുമാര്‍ (48), ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായര്‍ എന്നിവരെയാണ് വെറുതെവിട്ടത്.

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന യുവനടിയെ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. സംഭവം നടന്ന് എട്ടുവര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.

വിധി ചോർന്നതായി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിന്​ ഊമക്കത്ത്​

കേസിലെ വിചാരണക്കോടതി വിധി ചോർന്നതായി ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിന് ഊമക്കത്ത് ലഭിച്ചിരുന്നു. വിധിക്ക്​ ഒരാഴ്ചമുമ്പ്, വിധി പ്രസ്താവിച്ച ജില്ല ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച് ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ്​ അഡ്വ. യശ്വന്ത് ഷേണായിക്കാണ് കത്ത് കിട്ടിയത്. ഒന്നാംപ്രതി പൾസർ സുനിയടക്കം ആറുവരെ പ്രതികളെ ശിക്ഷിക്കുകയും നടൻ ദിലീപടക്കം മൂന്നുപേരെ വെറുതെവിടുകയും ചെയ്യുമെന്ന്​ ഊമക്കത്തിലുണ്ട്​. മൂന്ന്​ ഹൈകോടതി ജഡ്ജിമാരെയും പരാമർശിക്കുന്നുണ്ട്​. ഇന്ത്യൻ പൗരൻ എന്ന പേരിലാണ്​ കത്തെഴുതിയിട്ടുള്ളത്​.

ഇതോടെ, ​തനിക്ക് ഊമക്കത്ത് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി അഡ്വ. യശ്വന്ത് ഷേണായി ചീഫ്​ ജസ്റ്റിസിന്​ കത്ത്​ നൽകി. ഊമക്കത്തിനെക്കുറിച്ച് അന്വേഷണം വേണമെന്ന് കത്തിൽ പറയുന്നു. ഡിസംബർ രണ്ടിന് എഴുതിയതായി പറയുന്ന ഊമക്കത്തിലെ ഉള്ളടക്കം നീതിന്യായ സംവിധാനത്തോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്നതാണ്​. ഇത്​ അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറാനും ​പ്രസിഡന്‍റ്​ ആവശ്യപ്പെടുന്നു.

അതേസമയം, നിർവാഹക സമിതി അറിയാതെയാണ്​ പ്രസിഡന്‍റ്​ ഏകപക്ഷീയമായി ചീഫ്​ ജസ്​റ്റിസിന്​ കത്തയച്ചതെന്ന്​ വ്യക്തമാക്കി സെക്രട്ടറിയടക്കം സമിതി അംഗങ്ങൾ പ്രസ്താവനയിറക്കി. സംശയലേശമന്യേ സത്യനിഷ്ഠ പുലർത്തുന്നയാളാണ് ജില്ല ജഡ്ജിയെന്നും ഇക്കാര്യം പ്രസിഡന്റിന്റെ സമൂഹമാധ്യമ പോസ്റ്റിലും വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. പ്രസിഡന്റിനെ നടപടി അനുചിതവും ഉത്തരവാദിത്തമില്ലാത്തതും അഭിഭാഷക അസോസിയേഷന്‍റെ അന്തസ്സിന് ഹാനി വരുത്തുന്നതുമാണെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയനും പ്രസ്താവനയിൽ ആരോപിച്ചിട്ടുണ്ട്​.

Tags:    
News Summary - Sentencing of six accused in actress attack case today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.