കൊച്ചി ബിനാലെക്ക് വേദിയായ ഫോർട്ട്കൊച്ചിയിൽ മതിലിൽ കലാകാരന്മാർ വരച്ചിരിക്കുന്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്ന ലിത്വേനിയ സ്വദേശി
കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയായ കൊച്ചി-മുസ്രിസ് ബിനാലെയുടെ ആറാം ലക്കത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് 5.30ന് ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. നിഖിൽ ചോപ്രയും എച്ച്.എച്ച് ആർട്ട് സ്പേസസും ചേര്‍ന്ന് ക്യുറേറ്റ് ചെയ്യുന്ന രാജ്യാന്തര പ്രദർശനത്തിൽ 25ലധികം രാജ്യങ്ങളിലെ 66 ആർട്ടിസ്റ്റ് പ്രോജക്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് (കെ.ബി.എഫ്) ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാര്‍ച്ച് 31നാണ് പ്രദർശനം സമാപിക്കുക. വെള്ളിയാഴ്ച ഉച്ചക്ക് 12ന് ആസ്പിൻവാൾ ഹൗസിൽ മാർഗിരഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെ പതാക ഉയർത്തും. മോണിക്ക ഡി മിറാൻഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകർഷണങ്ങളാണ്.
ഉദ്ഘാടന ചടങ്ങിനെത്തുടർന്ന് നേഹ നായർ, രശ്മി സതീഷ്, ഷഹബാസ് അമൻ എന്നിവർ നയിക്കുന്ന ശങ്ക ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും. ഉദ്ഘാടന വാരത്തിൽ വിവിധ വേദികളിലായി മെഹ്ഫിൽ-ഇ-സമ, ദ എഫ്16, നാഞ്ചിയമ്മ ആൻഡ് ടീം എന്നിവരുടെ പരിപാടികൾ നടക്കും. യുവകേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളി കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടൻ കലാവിരുന്നും ഉണ്ടാകും.
ഇൻവിറ്റേഷൻസ്, സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ, ഇടം തുടങ്ങിയ വിഭാഗങ്ങൾ ശനിയാഴ്ച ആരംഭിക്കും. ഇത്തവണ വിലിങ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിലേക്കും വേദികൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള 175ലധികം കലാസ്ഥാപനങ്ങളിലെ വിദ്യാർഥി കലാകാരന്മാരുടെ പ്രോജക്ടുകൾ അവതരിപ്പിക്കുന്ന ‘സ്റ്റുഡന്റ്സ് ബിനാലെ’ മട്ടാഞ്ചേരിയിലെ വി.കെ.എൽ വെയർഹൗസിലാണ് നടക്കുന്നത്. ഐശ്വര്യ സുരേഷ്, കെ.എം. മധുസൂദനൻ എന്നിവർ ക്യുറേറ്റ് ചെയ്യുന്ന ‘ഇടം’ പ്രദർശനം മട്ടാഞ്ചേരി ബസാർ റോഡിലെ മൂന്ന് വേദികളിലായി നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.ബി.എഫ് ചെയര്പേഴ്സൻ ഡോ. വേണു വി., കെ.എം.ബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെ.ബി.എഫ് ട്രസ്റ്റ് അംഗങ്ങളായ ബോണി തോമസ്, മറിയം റാം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.