തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തെക്കൻ ജില്ലകളിലേതിന് സമാനമായ വിജയപ്രതീക്ഷ വടക്കൻ ജില്ലകളിലും പുലർത്തി ബി.ജെ.പി. തെക്കൻ ജില്ലകളിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കലായിരുന്നു മുഖ്യ ‘ടാർഗറ്റ്’ എങ്കിൽ വടക്കൻ ജില്ലകളിൽ പാലക്കാട് നഗരസഭ ഭരണം നിലനിർത്തലാണ് പ്രധാന ലക്ഷ്യം. സാഹചര്യങ്ങൾ പലതും അനുകൂലമെങ്കിലും പാലക്കാട് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് പോളിങ് പൂർത്തിയായ ശേഷവും ബി.ജെ.പി വിലയിരുത്തുന്നു. മലബാർ മേഖലയിൽ ഗ്രാമപഞ്ചായത്തുകളിലടക്കം ബി.ജെ.പി മത്സരരംഗത്ത് സജീവമായെങ്കിലും യു.ഡി.എഫ്-എൽ.ഡി.എഫ് നേരിട്ടുള്ള മത്സരം നടന്ന വാർഡുകളാണ് അധികവും. അതേസമയം, ഇരുമുന്നണികളുടേയും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ബി.ജെ.പി വോട്ടുകൾ മുഖ്യഘടകമായേക്കും.
രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളിൽ നിലവിലുള്ള സീറ്റുകൾ ഇരട്ടിയാക്കുമെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും അതത്ര എളുപ്പമല്ലെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ഏക ബി.ജെ.പി എം.പിയുള്ള തൃശൂരിൽ വലിയ പ്രതീക്ഷയാണ് കോർപറേഷനിൽ പുലർത്തുന്നത്. മികച്ച നേട്ടം ഇവിടെ കൈവരിക്കാനാവുമെന്നാണ് പോളിങ് നില വിലയിരുത്തിയശേഷം പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.
കോഴിക്കോട് കോർപറേഷനിലും നഗരസഭകളിലും വോട്ട് വിഹിതം വലിയതോതിൽ വർധിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. വയനാട് ജില്ലയിൽ ആദിവാസി മേഖലകളിലടക്കം പല വാർഡുകളിലും അവർ ജയസാധ്യത കാണുന്നുണ്ട്. കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ 2020നെ അപേക്ഷിച്ച് വോട്ട് വിഹിതവും ജനപ്രതിനിധികളുടെ എണ്ണവും ഉയരുമെന്നാണ് കണക്കുകൂട്ടൽ. എല്ലാ ജില്ലകളിലും ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടെ ശക്തമായ പ്രചാരണപ്രവർത്തനങ്ങൾ ബി.ജെ.പി നടത്തിയിരുന്നു. ജയപരാജയങ്ങൾ നോക്കാതെ ശക്തമായ മത്സരമെന്ന പ്രതീതി എല്ലാ വാർഡുകളിലും കാഴ്ചവക്കണമെന്നായിരുന്നു നേതൃത്വം നൽകിയിരുന്ന നിർദേശം.
ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ പരാമാവധി പ്രചാരണായുധമാക്കുകയും ചെയ്തു. പാർട്ടി വോട്ടുകൾ പൂർണമായി പോൾ ചെയ്തുവെന്ന് ഉറപ്പാക്കാനും ജില്ല, പ്രാദേശിക നേതൃത്വങ്ങൾ ശ്രദ്ധിച്ചിരുന്നു. അതേസമയം, ജയസാധ്യതയുള്ളയിടങ്ങളിലൊക്കെ എൽ.ഡി.എഫും യു.ഡി.എഫും തങ്ങൾക്കെതിരെ ഒന്നിക്കുന്ന സ്ഥിതിയുണ്ടായെന്ന വിമർശനം ബി.ജെ.പി നേതൃത്വം ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.