തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ഹെലികോപ്ടർ താഴ്ന്ന ഹെലിപ്പാഡിന് ചെലിവായത് 20 ലക്ഷം. മൂന്ന് താത്കാലിക ഹെലിപാഡ് തയാറാക്കാനാണ് 20.7 ലക്ഷം ചെലവായത്. ബില്ല് പൊതുമരാമത്ത് വകുപ്പ് വകുപ്പ് സർക്കാറിന് ഭരണാനുമതിക്കായി സമർപ്പിച്ചതോടെയാണ് തുക പുറത്തുവന്നത്.
ശബരിമല ദർശനമടക്കം നാലു ദിവസത്തെ സന്ദർശനത്തിനായിട്ടായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്. തലേന്ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 8.40ന് ശബരിമല സന്ദർശനത്തിനായി ഹെലികോപ്ടറിൽ വന്നിറങ്ങുകയായിരുന്നു. ഹെലികോപ്ടർ നിലക്കലിൽ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഹെലിപാഡ് തയാറാക്കി കോൺക്രീറ്റ് ചെയ്തിരുന്നത്. കോൺക്രീറ്റ് പ്രതലം ഉറക്കാത്തതാണ് ടയർ താഴ്ന്നു പോകാനിടയാക്കിയത്.
രാഷ്ട്രപതിക്ക് സുരക്ഷിതമായി തന്നെ ഇറങ്ങാൻ സാധിച്ചിരുന്നു. രാഷ്ട്രപതിയുടെ യാത്രക്ക് തടസ്സമൊന്നും നേരിട്ടില്ല. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്. ചക്രങ്ങൾ കോൺക്രീറ്റിൽ താഴ്ന്നതോടെ പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും വലിയ വിവാദമാകുകയും ചെയ്തിരുന്നു.
സംഭവം സുരക്ഷ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കും പൊലീസ് മേധാവിക്കും പരാതി ലഭിച്ചിരുന്നു. അശാസ്ത്രീയ നിർമാണം കാരണമാണ് അപകടമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംഭവത്തിൽ സുരക്ഷ വീഴ്ചയില്ലെന്നായിരുന്നു സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്. ഹെലികോപ്ടർ യാത്രയുടെ മേൽനോട്ടം വ്യോമസേനക്കായിരുന്നു. ലാൻഡിങ് ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്‌ധരുടെ മേൽനോട്ടത്തിലാണെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത്.
കോൺക്രീറ്റ് താഴ്ന്നുപോയാൽ എന്താണ് പ്രശ്നമെന്നും ഹെലികോപ്റ്റർ മുകളിലേക്ക് ഉയർന്നല്ലേ പോകുന്നത് എന്നായിരുന്നു സംഭവത്തിൽ കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.