തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണത്തിലും കഞ്ഞിയിലും വരെ കേന്ദ്രസർക്കാർ മണ്ണുവാരിയിടാൻ ശ്രമിക്കുകയാണെന്നും യു.ഡി.എഫ് അതിനെ പിന്തുണക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നെല്ലുസംഭരണം, ഉച്ചഭക്ഷണ വിതരണം, സാമൂഹിക സുരക്ഷ പെൻഷൻ തുടങ്ങി വിവിധ പദ്ധതികളിലായി 5506 കോടി രൂപയാണ് കുടിശ്ശികയാക്കിയത്. വിഹിതം വെട്ടിക്കുറക്കുന്നെന്ന് മാത്രമല്ല, കിട്ടാനുള്ള തുക പോലും തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചഭക്ഷണത്തിനുള്ള കഴിഞ്ഞ വർഷത്തെ ചെലവിൽ കേന്ദ്ര ഫണ്ടായി ലഭിക്കേണ്ടതും സംസ്ഥാനം വിനിയോഗിച്ചതുമായ 132 കോടി രൂപ മാർച്ചിലാണ് നൽകിയത്. ഇതിന്റെ ആനുപാതിക സംസ്ഥാന കണക്ക് കേന്ദ്ര പദ്ധതികൾക്കായുള്ള സിംഗ്ൾ നോഡൽ ഏജൻസി അക്കൗണ്ടിൽ നൽകിയില്ലെന്ന സാങ്കേതികത്വം പറഞ്ഞ് ശേഷിക്കുന്ന സഹായം തടഞ്ഞിരിക്കുകയാണ്. സാമൂഹികക്ഷേമ പെൻഷൻ ആയാലും ഉച്ചഭക്ഷണമായാലും നെല്ലുസംഭരണമായാലും സംസ്ഥാനം മുൻകൂർ ചെലവാക്കുകയാണ്. എന്നിട്ടും അർഹമായതുക നൽകാതെ ശ്വാസംമുട്ടിക്കുന്നു. ഈ രാഷ്ട്രീയനീക്കത്തെ എതിർക്കാനും സംസ്ഥാന താൽപര്യം സംരക്ഷിക്കാനും ഒരുമിച്ച് നിൽക്കേണ്ടതിനു പകരം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യെ സഹായിക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കടബാധ്യത രണ്ടുവർഷംകൊണ്ട് 38 ശതമാനത്തിൽനിന്ന് 34 ശതമാനമായി കുറഞ്ഞു. തനത് നികുതിവരുമാനത്തിൽ 50 ശതമാനത്തിലേറെ വർധനയാണ്. എന്നിട്ടും സംസ്ഥാനത്തിനുള്ള ഗ്രാൻറും നികുതിവിഹിതവും വെട്ടിക്കുറച്ചു. വായ്പപരിധിയിൽ അനാവശ്യനിയന്ത്രണം കൊണ്ടുവന്നു. പൂർണമായും കേന്ദ്രസഹായത്തോടെയുള്ള 18 പദ്ധതികളുടെ വിഹിതം 60 ശതമാനമായി കുറച്ചു. സംസ്ഥാനത്തിന് അർഹമായ വിഹിതം നേടിയെടുക്കാൻ കേന്ദ്രവിരുദ്ധ സമരം നടത്തണമെന്നും ഇക്കാര്യത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.