ബി.ജെ.പിക്ക് ബദലാവാൻ വലിച്ചുവാരി ദേഹത്തുതേച്ച മാലിന്യം മറ്റുള്ളവരുടെ കുപ്പായത്തിൽ കൂടി തേച്ചാൽ അത്തറാവില്ല -കെ.എം. ഷാജി

കോഴിക്കോട്: മലപ്പുറം അടക്കമുള്ള മലബാറിലെ ജില്ലകളെ കുറിച്ചുള്ള വെള്ളാപ്പള്ളി, എ.കെ. ബാലൻ, മന്ത്രി സജി ചെറിയാൻ എന്നിവരുടെ വർഗീയ പരാമർശത്തിനെതിരെ പ്രതികരണവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. താൻ മതം പറഞ്ഞിട്ടുണ്ടെന്നും അത് സ്വന്തം മതത്തെ കുറിച്ചാണെന്നും കെ.എം. ഷാജി ഫേസ്ബുക്കിൽ കുറിച്ചു. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും മന്ത്രി സജി ചെറിയാനും പറഞ്ഞത് അപര മതവിദ്വേഷവും മതവെറിയുമാണെന്ന് കെ.എം. ഷാജി പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയം വിട്ട് മതത്തിൽ കുതിര കയറാൻ വന്നപ്പോഴാണ് താൻ മതം പറഞ്ഞത്. മുസ് ലിം സമുദായത്തിന്‍റെ അവകാശങ്ങൾ അപഹരിക്കുന്ന ഇടത് സർക്കാറിനെതിരെ കോഴിക്കോട് കടപ്പുറത്ത് പരസ്യമായാണ് പ്രസംഗിച്ചത്. സി.പി.എം കുറേ കാലം തന്നെ ആർ.എസ്.എസ് ആക്കാൻ നോക്കി. ഇപ്പോൾ ഐ.എസ് ആക്കാനുള്ള ശ്രമത്തിലാണ്.

എ.കെ. ബാലനും സജി ചെറിയാനും പറഞ്ഞ ചീഞ്ഞ വർഗീയതയുടെ നാറ്റം പോവില്ല. അവർ പച്ചക്ക് ഇസ്‌ലാമോഫോബിയ പറയുകയാണ്. ബി.ജെ.പിക്ക് ബദലാവാൻ നിങ്ങൾ വലിച്ചു വാരി ദേഹത്ത് തേച്ച മാലിന്യം മറ്റുള്ളവരുടെ കുപ്പായത്തിൽ കൂടി തേച്ചാൽ അത് അത്തർ ആവില്ലെന്നും എഫ്.ബി പോസ്റ്റിൽ കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

കെ.എം. ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഷാജി മതം പറഞ്ഞു എന്നാണ് ഇപ്പോൾ

സി പി എം സൈബർ പോരാളികളും നേതാക്കളും പറഞ്ഞു പരത്താൻ ശ്രമിക്കുന്നത്.

കെ എം ഷാജി മതം പറഞ്ഞിട്ടുണ്ട്.

അത് സ്വന്തം മതത്തെകുറിച്ചാണ്;

വെള്ളാപ്പള്ളിയും ബാലനും സജി ചെറിയാനും പറഞ്ഞ അപര മത വിദ്വേഷവും മത വെറിയുമല്ല അത്!!

സി പി എമ്മും ബി ജെ പിയും രാഷ്ട്രീയം വിട്ട് മതത്തിൽ കുതിര കയറാൻ വന്നപ്പോൾ ആണ് ഞാൻ മതം പറഞ്ഞത്. പലപ്പോഴും അത് പറയേണ്ടി വന്നിട്ടുണ്ട്.

എന്റെ പ്രസംഗത്തിലെ 'മതമാണ് പ്രശ്നം' എന്ന വാചകം ഉപയോഗിച്ച് എനിക്കെതിരെ പൊതുസമൂഹത്തിന്റെ മനസ്സ് തിരിക്കാം എന്നാണ് സി പി എം വ്യാമോഹിക്കുന്നത്.

ആ പ്രസംഗം

മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ അപഹരിക്കുന്ന ഇടത് സർക്കാരിനെതിരെയായിരുന്നു.

ആരോടും സ്വകാര്യമായി പറഞ്ഞതല്ല അത്;

കോഴിക്കോട് കടപ്പുറത്ത്,

പതിനായിരക്കണക്കിന് പ്രവർത്തകരെയും നേതാക്കളെയും സാക്ഷി നിർത്തിക്കൊണ്ട്,

നിരവധി ടെലിവിഷൻ ചാനലുകൾ ലൈവ് ടെലിക്കാസ്റ്റ് ചെയ്ത് കൊണ്ടിരിക്കെ,

ലോകം മുഴുവൻ കേൾക്കും എന്ന് ഉറപ്പിച്ച് കൊണ്ട് പറഞ്ഞതാണത്!!

'മതമല്ല മതമല്ല മതമല്ല പ്രശ്നം' എന്ന്‌ മുദ്രാവാക്യം വിളിച്ച്,

ഭരണഘടന ഉറപ്പ് തരുന്ന മതവിശ്വാസത്തിനും ആചാരങ്ങൾക്കും ഉള്ള അവകാശങ്ങൾ സി പി എം ഇല്ലാതാക്കുമ്പോൾ അത് പറയുക തന്നെ ചെയ്യും.

ഞങ്ങളുടെ വിശ്വാസത്തെ ഇല്ലാതാ ക്കുമ്പോൾ അത് നിങ്ങൾക്ക് ഒരു പ്രശ്‍നം അല്ലായിരിക്കാം; പക്ഷെ, ഞങ്ങൾക്കത് ഈ രാജ്യം കൽപ്പിച്ചു തന്ന അവകാശങ്ങൾക്ക് നേരെയുള്ള അതിക്രമം തന്നെയാണ്.

വഖഫ് നിയമനങ്ങൾ അടക്കമുള്ള വിശ്വാസപരമായ വിഷയങ്ങളെ അധികാരത്തിന്റെ മുഷ്‌ക്കിൽ നേരിട്ടപ്പോൾ;

വിശ്വാസികളെ തെരുവിൽ അപഹസിച്ചപ്പോൾ;

ആ പ്രശ്നങ്ങൾ പറയേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം ആണ്.

ഭരണഘടന നൽകിയ അവകാശങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടു കൊണ്ടിരിക്കേ ഒരു മതവിഭാഗം അരിക് വൽക്കരിക്കപ്പെടുന്നത് ഞങ്ങൾക്ക് പ്രശ്നം തന്നെയാണ്.

ബി ജെ പിക്കും, ഇപ്പോൾ ബി ജെ പിക്ക് പഠിക്കുന്ന സി പി എമ്മിനും അതൊരു പ്രശ്നം അല്ലായിരിക്കാം.

സ്വന്തം മതം, ആ മതത്തിൽ വിശ്വസിക്കുന്ന ഒരു ജനവിഭാഗം, പ്രശ്നത്തിലാണ്

എന്ന് പറയുന്നത് വർഗീയതയാണെന്ന്

സി പി എം സൈബർ പോരാളികൾ പറഞ്ഞാൽ അത് സത്യം ആവില്ലല്ലോ.

ഈ രാജ്യത്ത് ഒരാൾ താൻ വിശ്വസിക്കുന്ന മതം മാത്രം മതി എന്ന് പറയുന്നതോ, മറ്റു മതങ്ങളെക്കുറിച്ച് വെറുപ്പ് പ്രചരിപ്പിക്കുന്നതോ ആണ് വർഗീയത.

അത്തരത്തിൽ വർഗീയമായ ഒരു സ്റ്റേറ്റ്മെന്റ് പറയേണ്ടി വരുന്ന സമയത്ത് ഈ പണി ഞാൻ നിർത്തും.

പത്ത് വോട്ടിന്,

സി പി എം ഒപ്പം കൂട്ടിയ വർഗീയ സംഘടനകളെ തുറന്നെതിർത്തിട്ടുണ്ട്.

തീവ്രചിന്തയിലേക്ക് യുവാക്കൾ പോകരുത് എന്ന നിലക്ക് പ്രതിരോധം തീർക്കാൻ മുന്നിൽ നിന്നിട്ടുണ്ട്.

അത് ആരുടെയും മതേതര സർട്ടിഫിക്കറ്റ് വാങ്ങി നിയമസഭയിലോ പാർലിമെന്റിലോ പോകാനല്ല.

രാജ്യത്ത് ജീവിക്കുന്ന ഒരു പൗരന്റെ ഉത്തരവാദിത്തം നിർവഹിച്ചതാണ്.

അന്നൊക്കെ

ഉഗ്രവിഷമുള്ള ഐറ്റങ്ങൾ മുന്നിൽ

വന്നു നിന്ന് പത്തി വിടർത്തി പേടിപ്പിക്കാൻ നോക്കിയിട്ടുണ്ട്.

ഈ മണ്ണിൽ ചവിട്ടി നിൽക്കാൻ അന്ന് പേടി തോന്നിയിട്ടില്ല.

പിന്നല്ലേ,എ കെ ജി സെന്ററിൽ വിരിയെ ച്ചെടുത്ത നീർക്കോലി കുഞ്ഞുങ്ങളും തേളും പഴുതാരയും "കിണറ്റിലെ" തവളകളും!!

സി പി എം കുറേ കാലം എന്നെ ആർ എസ് എസ് ആക്കാൻ നോക്കി.

ഇപ്പോൾ ഐ എസ് ആക്കാനുള്ള ശ്രമത്തിലാണ്.

അത് കൊണ്ടൊന്നും

എ കെ ബാലനും സജി ചെറിയാനും പറഞ്ഞ ചീഞ്ഞ വർഗീയതയുടെ നാറ്റം പോവില്ല.

അവർ പച്ചക്ക് ഇസ്‌ലാമോഫോബിയ പറയുകയാണ്.

ബി ജെ പി ക്ക് ബദലാവാൻ

നിങ്ങൾ വലിച്ചു വാരി ദേഹത്ത് തേച്ച മാലിന്യം മറ്റുള്ളവരുടെ കുപ്പായത്തിൽ കൂടി തേച്ചാൽ അത് അത്തർ ആവില്ല.

നാറ്റം അസഹനീയമാണ്.

ജനം അത് തിരിച്ചറിയുന്നുണ്ട്.

അകന്ന് പോകുക;

ഇനിയത് മാത്രമാണ് പോംവഴി.

ഇനി, പാർട്ടി ഓഫീസിൽ നിന്ന് കിട്ടുന്ന ഗുളിക അണ്ണാക്ക് തൊടാതെ വിഴുങ്ങി അന്തിചർച്ചക്ക് ഇരിക്കുന്ന അവതാരങ്ങളോട് പറയാനുള്ളത്;

മുഖത്തടിച്ച ലൈറ്റും നിങ്ങൾ തീരുമാനിക്കുന്ന സമയവും വിട്ട് നാട്ടിലിറങ്ങി അതൊന്ന് പറഞ്ഞു നോക്കാമോ.

ഞാൻ തയ്യാറാണ്!!

നാളിതുവരെ ഞാൻ പറഞ്ഞതും നിങ്ങൾ കേട്ടതും കൊണ്ടു വരണം;

നാലാൾക്ക് നടുവിൽ.

കേരളത്തിലെ ഏത് തെരുവിലും വരാം.

ചർച്ച നേരിട്ടാവാം!!

Tags:    
News Summary - KM Shaji sharply criticizes Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.