'എന്റെ രാഷ്ട്രീയ രീതിയെ ഉൾക്കൊള്ളാൻ കഴിയുന്നയാളല്ല കുഞ്ഞാലിക്കുട്ടി സാഹിബ്, വലിയ തർക്കം ഉണ്ടാകാറുണ്ട്, ചിലപ്പോഴൊക്കെ അദ്ദേഹത്തിന് ഫീലാകും'; കെ.എം.ഷാജി

കോഴിക്കോട്: തന്റെ രാഷ്ട്രീയ രീതി ഉൾക്കൊള്ളാൻ കഴിയുന്ന പ്രകൃതക്കാരനല്ല മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. തന്റെ പാർട്ടിയുടെ വലിയ നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. വിമർശിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം  നൽകിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു. മീഡിയവൺ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ പോൾ കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഷാജി.

'കുഞ്ഞാലിക്കുട്ടി സാഹിബ് കാര്യങ്ങൾ വളരെ പക്വതയോടെ സമീപിക്കുന്നയാളാണ്. എന്റെ രാഷ്ട്രീയ രീതിയെ ഉൾകൊള്ളാൻ കഴിയുന്ന സ്വഭാവ രീതിയോ പ്രകൃമോയുള്ളയാളല്ല അദ്ദേഹം. ഞങ്ങൾ ഇടക്കൊക്കെ സംഘർഷങ്ങളുണ്ടാകും. എന്റെ പാർട്ടിയുടെ വലിയ നേതാവാണ് അദ്ദേഹം. എങ്കിലും വിമർശിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ട്. ഞങ്ങൾ യോഗങ്ങളിൽ വലിയ വർത്താനങ്ങൾ ഉണ്ടാകാറുണ്ട്.

വലിയ തർക്കങ്ങൾ ഉണ്ടാകും. അദ്ദേഹം ഇരിക്കാൻ പറഞ്ഞാൽ ഞാൻ ഇരിക്കും. പിന്നേയും ഞാൻ പറഞ്ഞോണ്ടിരിക്കും. ചിലപ്പോഴൊക്കെ അദ്ദേഹത്തിന് ഫീലാകും. അത് കഴിഞ്ഞാൽ ഞാൻ വിളിക്കും. കുഴപ്പായി എടുക്കരുതെന്ന് പറയും. അദ്ദേഹം എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. 'ഷാജിയാണെങ്കിൽ നേർക്ക് നേരെ പറയും, അത് അവിടെ തീരും. ചില ആളുകൾ വേറെ തരത്തിൽ ഉപയോഗിക്കും'- അദ്ദേഹം പറയാറുണ്ട്. ഞങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിധിവിട്ട് പോകാറില്ല. ബഹുമാനിക്കേണ്ടടിത്ത് ഞാൻ ബാഹുമാനിക്കാറുമുണ്ട്. അദ്ദേഹം ഇരിക്കുന്ന വേദിയിൽ കാൽകയറ്റിവെച്ചിരിക്കാൻ പോലും ഞാൻ തയാറാകില്ല'.- കെ.എം.ഷാജി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുൻപും ശേഷവും യു.ഡി.എഫിനെ നയിക്കേണ്ടത് ആരാണെന്ന ചോദ്യത്തിനും കെ.എം.ഷാജി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാടുകളാണ് യു.ഡി.എഫിനെ നയിക്കേണ്ടതെന്നും ലീഗ് അതിൽ തൃപ്തരാണെന്നും ഷാജി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുൻപും ശേഷവും സതീശൻ തന്നെ നയിക്കണമെന്നാണ് ആഗ്രഹം. എന്നാൽ, അത് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ മിനിയേച്ചറാണ് സതീശൻ എന്നാണ് തോന്നിയിട്ടുള്ളത്. എടുക്കുന്ന സമീപനങ്ങളിലെ സത്യസന്ധതയാണ് രാഹുൽ ഗാന്ധിയോട് നമുക്കുള്ള ഇഷ്ടം. അദ്ദേഹത്തിന്റെ ഒരു അനുയായി ആയിതന്നെയാണ് വി.ഡി.സതീശൻ കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാടിൽ നിൽക്കുന്നത്.

രാഹുൽ ഗാന്ധിയെ എന്തുകൊണ്ടാണോ താനടക്കമുള്ളവർ അംഗീകരിക്കുന്നത്, അതിനുള്ള ഗുണങ്ങളെല്ലാം സതീശൻ പ്രകടിപ്പിക്കുന്നുണ്ടെന്നും കെ.എം.ഷാജി പറഞ്ഞു.

അതേസമയം, പാർട്ടിയിൽ പ്രധാന ഭാരവാഹിത്വം ലഭിച്ചാൽ മത്സരിക്കാനില്ലെന്നും ഷാജി പറഞ്ഞു. പാർട്ടിയെ പുതിയ കാലത്തിന് അനുസരിച്ച് പുതുക്കി പണിയേണ്ടതുണ്ട്. മത്സരിക്കണോ എന്ന് പാർട്ടി പറഞ്ഞിട്ടില്ല. ഭാരവാഹിത്വം കിട്ടിയാൽ മത്സരിക്കാനില്ലെന്ന കാര്യവും പാർട്ടിക്ക് മുന്നിൽവെച്ചിട്ടുണ്ട്. മത്സരിക്കാനായി ഒരു മണ്ഡലവും നോക്കിവെച്ചിട്ടില്ല. പാർട്ടി പറയുന്ന ഏത് സീറ്റിലും മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയവൺ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ പോൾ കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഷാജി.

പാർട്ടിയെ പുതിയ കാലത്തോട് സംവദിക്കാൻ പറ്റുന്ന രീതിയിലേക്ക് മാറ്റേണ്ടതുണ്ട്. മുസ്‌ലിം കുട്ടികൾ സ്‌കൂളുകളിൽ നിന്ന് ഇറങ്ങിവരുന്നത് സ്വപ്‌നം കണ്ട കാലമായിരുന്നു സി.എച്ച് മുഹമ്മദ് കോയയുടേത്. ഇപ്പോൾ അത് മാറി. പുതിയ കാലത്തെ കുട്ടികളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കേണ്ടതുണ്ട്. അവരുമായി സംവദിക്കാൻ കഴിയുന്ന രീതിയിൽ പാർട്ടി മാറണം. അത്തരം സ്വപ്‌നങ്ങൾ തനിക്കുണ്ടെന്നും ഷാജി വ്യക്തമാക്കി.


Full View


Tags:    
News Summary - K.M. Shaji about P.K. Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.