‘എളമരത്തിനും സി.പി.എമ്മിനും ഇഷ്ടമായാലും ഇല്ലെങ്കിലും ജീവൽ സമരങ്ങൾ ഇനിയും നടക്കും’; ആശവർക്കർമാർക്ക് പിന്തുണച്ച് കെ.കെ. രമ

കോഴിക്കോട്: ആശവർക്കർമാരുടെ സമരത്തെ വിമർശിച്ച സി.പി.എമ്മിനും എളമരം കരീമിനുമെതിരെ രൂക്ഷ വിമർശവുമായി ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. എളമരത്തിനും സി.പി.എമ്മിനും ഇഷ്ടമായാലും ഇല്ലെങ്കിലും ജീവൽസമരങ്ങൾ കേരളത്തിൽ ഇനിയും നടക്കുമെന്ന് കെ.കെ. രമ ഫേസ്ബുക്കിൽ കുറിച്ചു.

തങ്ങളുടെ നേതൃത്വത്തിലോ ആശിർവാദത്തിലോ അല്ലാതെ നടക്കുന്ന എല്ലാ സമരങ്ങളും സി.പി.എമ്മിന് അരാജക സമരങ്ങളാണ്. പെമ്പിള്ളേ ഒരുമൈ സമരത്തെ സി.പി.എം പിന്തുണച്ചില്ലെന്ന് ആണയിടുന്ന എളമരം കരീമിന് ആ സമരത്തെ പിന്തുണച്ച വി.എസ്. അച്യുതാനന്ദനെ തള്ളിപ്പറയാനാവുമോ?. വിജയം വരെ ആശവർക്കർമാർ നടത്തുന്ന പോരാട്ടത്തിന് ഒപ്പമുണ്ടാവുമെന്നും കെ.കെ. രമ വ്യക്തമാക്കി.

കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

സാമൂഹ്യാരോഗ്യ രംഗത്തും മാതൃശിശു സംരക്ഷണ രംഗത്തും സർക്കാറിന് വേണ്ടി ഏറ്റവും അടിത്തട്ടിൽ ഇടപെടുന്ന ആശാവർക്കർമാർ ന്യായമായ വേതന വർദ്ധനവിന് വേണ്ടി നടത്തുന്ന സമാധാനപരമായ സമരത്തെഅപമാനിക്കാനും അപഹസിക്കാനും വേണ്ടിയാണ് ഒരു ട്രേഡ് യൂണിയൻ നേതാവായി വളർന്നുവന്ന എളമരം കരീം ദേശാഭിമാനി പോലൊരു പത്രത്തിൽ.

"ആർക്കുവേണ്ടിയാണ് ഈ സമര നാടകം? " എന്ന പേരിൽ

ഒരു മുഴുനീള ലേഖനം എഴുതിയത്. തൊഴിലാളി വർഗ്ഗത്തിന്റെ ജിഹ്വ എന്ന് പൂർവ്വസൂരികൾ വിശേഷിപ്പിച്ച ഒരു പത്രത്തിനും ഒരു തൊഴിലാളി നേതാവിനും ഇതിൽ കൂടുതൽ ഒരു അധ:പതനം വരാനില്ല.

"അരാജകവാദികളുടെ സമരം" എന്നാണ് അദ്ദേഹം ഈ സമരത്തെ പരിഹസിച്ചത്. തങ്ങളുടെ നേതൃത്വത്തിലോ ആശിർവാദത്തിലോ അല്ലാതെ നടക്കുന്ന എല്ലാ സമരങ്ങളും സിപിഎമ്മിന് അരാജക സമരങ്ങളാണ്. കൂട്ടത്തിൽ മൂന്നാറിൽ നടന്ന പെമ്പിളൈ ഒരുമൈ സമരത്തെയും അപഹസിക്കാൻ അദ്ദേഹം മറന്നില്ല.

പെമ്പിള്ളേ ഒരുമൈ സമരത്തെ തങ്ങൾ പിന്തുണച്ചില്ല എന്നാണയിടുന്ന എളമരം കരീമിന് ആ സമരത്തെ പിന്തുണച്ച വിഎസ് അച്ചുതാനന്ദനെ തള്ളിപ്പറയാനാവുമോ?

തുടർച്ചയായി ഭരണത്തിൽ ഇരിക്കുകയും, ഭരണമില്ലാത്ത സന്ദർഭത്തിൽ പോലും നിരവധി സഹകരണ സ്ഥാപനങ്ങളിലൂടെയും റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധങ്ങളിലൂടെയും പുത്തൻ പണക്കാരുമായുള്ള അവിശുദ്ധ ബന്ധങ്ങളിലൂടെയും സമ്പത്തും അധികാരവും കയ്യടക്കി ഒരു സമാന്തര ഭരണകൂടമായി പ്രവർത്തിക്കുകയും ചെയ്യുന്ന സിപിഎമ്മിന് ഇത്തരം സമരങ്ങൾ ശല്യമായില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇതര സംസ്ഥാനങ്ങളിലെ ആശാവർക്കർമാരെ നോക്കൂ എന്നുപറയുന്ന എളമരം കരീമിനോട് നിങ്ങളുടെ സർക്കാർ നടത്തുന്ന പാഴ്ചിലവുകളിലേക്കും ധൂർത്തുകളിലേക്കും പിഎസ്‌സി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നടത്തിക്കൊടുക്കുന്ന അന്യായമായ വേതന വർദ്ധനവിലേക്കും നോക്കണം എന്നാണ് ആ പാവം തൊഴിലാളികൾ പറയുന്നത്.

അതുകൊണ്ട് എളമരം കരീമിനും സിപിഎമ്മിനും ഇഷ്ടമായാലും ഇല്ലെങ്കിലും, ഇത്തരം ജീവൽസമരങ്ങൾ കേരളത്തിൽ ഇനിയും നടക്കും. അവ നിങ്ങളുടെ അധികാര പ്രമത്തതയും സ്വേച്ഛാധിപത്യ മനോഭാവവും വീണ്ടും വീണ്ടും വെളിച്ചത്തു കൊണ്ടുവരും.

അധികാരികൾ കണ്ണടച്ചാൽ പോർനിലങ്ങളിൽ ഇരുട്ടല്ല.

വിജയം വരെ ആശവർക്കർമാർ നടത്തുന്ന ഈ പോരാട്ടത്തിന് ഒപ്പമുണ്ടാവും.

വേണ്ടിവരികയാണെങ്കിൽ ആ സമരത്തിന് ഒപ്പമിരിക്കാനും തയ്യാറാവും.

Tags:    
News Summary - KK Rema in support of Asha workers Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.