കെ.കെ. രമ
തിരുവനന്തപുരം: ഒരു മാസമായി ആശവർക്കർമാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ എം.എൽ.എ. ധനാഭ്യർഥനയെ എതിർത്ത് നിയമസഭയിൽ സംസാരിക്കുകയായിരുന്നു കെ.കെ. രമ. 26000ൽ അധികം വരുന്ന ആശാ തൊഴിലാളികളുടെ പ്രതിനിധികളാണ് തലസ്ഥാനത്ത് സമയം ചെയ്യുന്നതെന്ന് രമ പറഞ്ഞു.
'സംസ്ഥാനത്തെ മന്ത്രിമാരുടെ മൂക്കിന് താഴെ ഉജ്വലമായ ഒരു സ്ത്രീ മുന്നേറ്റം നടക്കുകയാണ്. സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. 26000ൽ അധികം വരുന്ന ആശാ തൊഴിലാളികളുടെ പ്രതിനിധികളാണ് അവർ. കർഷക തൊഴിലാളികളുടെ കൂലി വർധിപ്പിക്കാൻ സമരം ചെയ്ത, മെയ് ദിനം ആചരിക്കുന്ന ഒരു പാർട്ടി സമരക്കാരെ പരിഹസിക്കുകയാണ്. ഇരട്ടചങ്കുണ്ടായാൽ പോര..ചങ്കിലിത്തിരി മനുഷ്യത്വം വേണം, എങ്കിലെ തൊഴിലാളി സമരങ്ങളെ കണ്ടെന്ന് നടിക്കാൻ കഴിയു '-കെ.കെ. രമ പറഞ്ഞു.
കേരളത്തിന്‍റെ ആരോഗ്യ മേഖല നമ്പർ വണ്ണാക്കാൻ വേണ്ടി രാവും പകലും പണിയെടുക്കുന്നവരാണ് ആശ വർക്കർമാരെന്നും അവരെ നിയമിക്കുന്നത് സംസ്ഥാന സർക്കാറാണെന്നും കൂലി കൂടുതൽ ചോദിക്കുമ്പോൾ മാത്രം കേന്ദ്ര സർക്കാറിനെ പറയുന്നതിലെ ന്യായമെന്താണെന്നും രമ ചോദിച്ചു. തൊഴിലാളി വർഗത്തെ കണ്ടില്ലെന്ന് നടിച്ച് തൊഴിലാളി വർഗ പാർട്ടിയാണെന്ന് പറയാൻ എന്ത് ആവകാശമാണ് ഉള്ളതെന്ന് ചോദിച്ച് സി.പി.എമ്മിനെ വിമർശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി എടപെടണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.