കണ്ണൂർ: കീഴാറ്റൂരിൽ നെൽപാടം നികത്തി റോഡ് നിർമിക്കുന്നതിനെതിരായ പരാതി പരിശോധിക്കാൻ കേന്ദ്രസംഘമെത്തുന്നു. മേയ് മൂന്നിന് സംഘം കീഴാറ്റൂർവയൽ സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ കേന്ദ്രസർക്കാറിന് നൽകിയ പരാതിയിലാണ് നടപടി.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ ബംഗളൂരുവിലെ മേഖല ഒാഫിസിൽനിന്നുള്ള റിസർച്ച് ഒാഫിസർ ജോൺ തോമസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. ദേശീയപാത, റവന്യൂ, കൃഷി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രസംഘത്തിനൊപ്പമുണ്ടാകും. തെളിവെടുപ്പിന് ഹാജരാകാൻ പരാതിക്കാരായ ബി.ജെ.പി നേതൃത്വത്തോടും കേന്ദ്ര സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വയൽ നികത്തിയുള്ള കീഴാറ്റൂർ ബൈപാസിനെതിരെ സമരരംഗത്തുള്ള ‘വയൽക്കിളികൾ’ കീഴാറ്റൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് ലോങ്മാർച്ച് നടത്താൻ ഒരുങ്ങുന്നതിനിെടയാണ് കേന്ദ്രസംഘം എത്തുന്നത്.
മേയ് അഞ്ചിന് കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല കൺവെൻഷനിൽ ലോങ്മാർച്ച് തീയതി പ്രഖ്യാപിക്കാനാണ് വയൽക്കിളികളുടെ നീക്കം. കീഴാറ്റൂർവയൽ വഴിയുള്ള ബൈപാസ് അലെയിൻമെൻറിൽ മാറ്റമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കവെയാണ് വയൽക്കിളികൾ ഉന്നയിക്കുന്ന പരാതി പരിശോധിക്കാൻ കേന്ദ്രസംഘമെത്തുന്നത്. സി.പി.എം ശക്തികേന്ദ്രമായ കീഴാറ്റൂരിൽനിന്ന് ഇടതുസർക്കാറിനെതിരെ ഉയർന്നുവന്ന സമരത്തിന് ബി.ജെ.പി പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്ര സംഘം വരുന്നത് സമരക്കാർ പ്രതീക്ഷയോടെയാണ് കാണുന്നത്.
കേന്ദ്രസംഘത്തിെൻറ പഠനറിപ്പോർട്ട് അനുകൂലമാകുമെന്നാണ് സമരക്കാർ കണക്കുകൂട്ടുന്നത്. കീഴാറ്റൂർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി കീഴാറ്റൂരിൽനിന്ന് കണ്ണൂരിലേക്ക് കർഷകരക്ഷ മാർച്ച് നടത്തിയിരുന്നു. എന്നാൽ, കാര്യമായ ചലനമുണ്ടാക്കാൻ ബി.ജെ.പി മാർച്ചിന് സാധിച്ചില്ലെന്ന് ബി.ജെ.പിക്കുള്ളിൽതന്നെ വിമർശനമുണ്ട്. അതിനാൽ കേന്ദ്ര സംഘത്തിെൻറ ഇടെപടലിലൂടെ വയൽക്കിളികളുടെ ആവശ്യം അംഗീകരിപ്പിച്ച് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനായിരിക്കും ബി.ജെ.പിയുടെ നീക്കം.
കീഴാറ്റൂർ വിഷയത്തിൽ പരിസ്ഥിതിവിരുദ്ധ നിലപാടിെൻറ പേരിൽ വിമർശിക്കപ്പെട്ട സി.പി.എം ഒരുമാസം നീളുന്ന പരിസ്ഥിതിസംരക്ഷണ കാമ്പയിനുമായി രംഗത്തുണ്ട്. മേയ് ആദ്യവാരം തുടങ്ങുന്ന കാമ്പയിെൻറ ഭാഗമായി പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം, ശുചീകരണം, പുഴയറിയാൻ യാത്ര, കാവുസംരക്ഷണം, വൃക്ഷത്തെ നടൽ, ബോധവത്കരണ പരിപാടികൾ എന്നിവയാണ് ജില്ലയിലുടനീളം സി.പി.എം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.