ഖാര്‍ഗെയുടെ അനുഭവസമ്പത്ത് കോണ്‍ഗ്രസിന് കരുത്ത് പകരും -കെ. സുധാകരന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെയെ പോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സംഘടന രംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തും ഊർജവും പകരമെന്നും അദ്ദേഹം പറഞ്ഞു.

ആറുപതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തില്‍ എന്നും മതേതര ആശയങ്ങള്‍ മുറുകെ പിടിച്ച നേതാവാണ് ഖാര്‍ഗെ. ആർ.എസ്.എസ്-സംഘ്പരിവാര്‍ ശക്തികളോട് ഒരിക്കലും സന്ധിചെയ്യാത്ത നേതാവ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഖാര്‍ഗെ പടിപടിയായാണ് കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലേക്ക് ഉയര്‍ന്നത്. ഒരു ഘട്ടത്തിലും അധികാരസ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ലാത്ത ഖാര്‍ഗെ എല്ലാ തറമുറകളോടും ഒരുപോലെ സംവദിക്കാന്‍ ശേഷിയുള്ള നേതാവാണ്. അങ്ങനെയുള്ള ഖാര്‍ഗെക്ക് കോണ്‍ഗ്രസിന്റെ ശക്തിയും ദൗര്‍ബല്യവും കൃത്യമായി തിരിച്ചറിയാന്‍ കഴിയും.

രാജ്യത്തിന് ഭീഷണിയായ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് അകറ്റുന്നതിനും മതേതര ജനാധിപത്യചേരി ശക്തിപ്പെടുത്തുന്നതിനും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പ്രാപ്തിയും ആർജവവും അദ്ദേഹത്തിനുണ്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭയില്‍ കക്ഷിനേതാവായി ഖാര്‍ഗെയെ തെരഞ്ഞെടുത്തപ്പോള്‍ പലരും ആശങ്കകള്‍ പങ്കുവെച്ചു. എന്നാല്‍, ഇതെല്ലാം അസ്ഥാനത്താക്കിയുള്ളതായിരുന്നു പാര്‍ലമെന്റിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രകടനം. പരിമിതമായ അംഗബലത്തിലും മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാരിനെതിരായ ധീരമായ പോരാട്ടമാണ് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. നിലവില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റേത് മികച്ച പ്രവര്‍ത്തനമാണ്. ഇതൊക്കെ കൊണ്ടുതന്നെയാണ് പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിനെ നയിക്കാന്‍ എത്തുന്നത് പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് എ.ഐ.സി.സിയിലേക്ക് നടക്കുകയെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച കോണ്‍ഗ്രസില്‍ ആരോഗ്യപരമായ മത്സരം സംഘടന രംഗത്ത് നടക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് ഓരോ പ്രവര്‍ത്തകനും നോക്കികാണുന്നത്. എന്നാല്‍, ഈ മത്സരത്തിന് വിഭാഗീയതയുടെ നിറം നല്‍കി ദുഷ്ടലാക്കോടെ നോക്കിക്കാണുന്ന ശക്തികള്‍ കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടെന്ന് വരുത്തിത്തീര്‍ത്ത് മനഃപൂർവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Kharge's experience will strengthen Congress -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.