തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം വിദ്യാഭ്യാസ വകുപ്പിലെ മൂന്ന് ഡയറക്ടറേറ്റുകളുടെ ലയന പ്രശ്നത്തിൽ പരിഹാര നിർദേശവുമായി സമരത്തിലുള്ള അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി. മൂന്ന് ഡയറക്ടറേറ്റുകളും നിലനിർത്തി ഏകോപനം, പുതുതായി സൃഷ്ടിച്ച ഡയറക്ടർ ഒാഫ് ജനറൽ എജുക്കേഷന്‍ (ഡി.ജി.ഇ) നൽകാമെന്ന നിർദേശമാണ് സമിതി മുന്നോട്ടുവെച്ചത്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനുമായി നടത്തിയ ചർച്ചയിലാണ് പുതിയ നിർദേശം മുന്നോട്ടുവെച്ചത്. മൂന്ന് ഡയറക്ടറേറ്റുകൾ നിലനിർത്തുകയും അവക്ക് അഡീഷനൽ ഡയറക്ടർമാരെ നിയമിക്കുകയും ചെയ്യാം. ഇവർക്ക് മുകളിലായി ഡി.ജി.ഇയെ ഏകോപന ചുമതല ഏൽപിക്കാം. സ്കൂളുകളിൽ പ്രിൻസിപ്പലിന് പൊതു അധികാരം നൽകുേമ്പാൾ തന്നെ ഹെഡ്മാസ്റ്റർക്ക് നിലവിലുണ്ടായിരുന്ന അധികാരങ്ങൾ തുടർന്നും നൽകണം.
വൈസ്പ്രിൻസിപ്പൽ പദവി വേണ്ടതില്ലെന്നും ഹെഡ്മാസ്റ്റർ തസ്തിക മതിയെന്നും ഇവർ നിർദേശിച്ചു. എന്നാൽ, മൂന്ന് ഡയറക്ടറേറ്റുകളുടെയും സംയോജനം സർക്കാർ നയമാണെന്നും പുതിയ നിർദേശങ്ങൾ സർക്കാറിന് മുന്നിൽ അവതരിപ്പിക്കാമെന്നും ചർച്ചയിൽ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ടിലുള്ള തുടർനടപടികൾ കോടതി സ്റ്റേ ചെയ്തിരുന്നു. പാദവാർഷിക, അർധവാർഷിക പരീക്ഷകൾ ഒമ്പത്,10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് ഒന്നിച്ച് നടത്തുന്നത് പ്രായോഗികമല്ലെന്നും സർക്കാർ ഇതിൽനിന്ന് പിന്തിരിയണമെന്നും സംഘടന പ്രതിനിധികൾ ആവശ്യപ്പെട്ടു.
മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ച് ഒരേ സമയത്ത് നടത്താമെന്നും സംഘടന പ്രതിനിധികൾ പറഞ്ഞു. ചർച്ചയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ എം. സലാഹുദ്ദീൻ, അധ്യാപക സംഘടന ഭാരവാഹികളായ വി.കെ. അജിത്ത്കുമാർ, എ.കെ. സൈനുദ്ദീൻ, കെ.ടി. അബ്ദുൽ ലത്തീഫ്, ആർ. അരുൺകുമാർ, ജി. പ്രദീപ്കുമാർ, സാബു ജി. വർഗീസ്, ഇബ്രാഹിം മുതൂർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.