കോട്ടയം: കെവിൻ വധക്കേസിൽ ഭാര്യ നീനുവിന്‍റെ പിതാവ് ചാക്കോയെ പ്രതിചേർത്തു. കൊലപാതകം ആസൂത്രണം ചെയ്തതിൽ ചാക്കോക്ക് പ്രധാന പങ്കുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.
ചാക്കോക്ക് ഒപ്പം നീനുവിന്‍റെ അമ്മ രഹനയും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കെവിനെ അക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തത് ചാക്കോയുടെയും രഹനയുടെയും നിർദേശ പ്രകാരമാണെന്ന് പൊലീസ് പറയുന്നു.
മാതാപിതാക്കളുടെ അറിവില്ലാതെ സഹോദരൻ ഷാനുവും സംഘവും കെവിനെ കൊലപ്പെടുത്താൻ സാധ്യതയില്ലെന്ന് നീനുവും മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, നിയാസ് കെവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നീനു വ്യക്തമാക്കി.
കെവിൻ താഴ്ന്ന ജാതിക്കാരനായത് കൊണ്ടാണ് കൊല നടത്തിയതെന്ന നീനുവിന്‍റെ ബന്ധുവും കേസിലെ പ്രതിയുമായ നിയാസിന്‍റെ ഉമ്മ ലൈലാ ബീവിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുണ്ട്. താഴ്ന്ന ജാതിക്കാരനെ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ചാക്കോയും രഹനയും. ഇരുവരും നേരിട്ടാണ് വാഹനം ഏർപ്പാടാക്കണമെന്ന് നിയാസിനോട് ആവശ്യപ്പെട്ടതെന്നും ലൈല പറഞ്ഞു.
എന്നാൽ, നിയാസ് നിഷേധിച്ചെങ്കിലും ഷാനു വീട്ടിലെത്തി വാഹനം ഒാടിക്കാൻ നിയാസിനെ കൊണ്ടു പോവുകയായിരുന്നു. വർഷങ്ങളായി രഹനയുടെ കുടുംബവുമായി തങ്ങൾക്ക് ബന്ധമില്ലായിരുന്നു. നിയാസിനെ കുടുക്കിയതാണെന്നും ലൈല വ്യക്തമാക്കി. നീനുവിന്‍റെ അമ്മയുടെ സഹോദരന്‍റെ മകനാണ് നിയാസ്.
കേസിൽ ആകെ 14 പ്രതികളുണ്ടെന്ന് അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി വിജയ് സാഖറെ മാധ്യമങ്ങളെ അറിയിച്ചു. കേസിലെ പ്രതികളായ നീനുവിന്‍റെ സഹോദരൻ ഷാനു, റനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ചാക്കോയും രഹനയും ഒളിവിലാണെന്നും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.