മുല്ലപ്പെരിയാർ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ രാത്രി തുറന്ന് വെള്ളം ഒഴുക്കുന്നതിനെതിരെ കേരളം പരാതി അറിയിക്കും

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും മുന്നറിയിപ്പില്ലാതെ രാത്രിയിൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നതിനെതിരെ കേന്ദ്ര ജല കമീഷന് പരാതി നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. രാത്രിയിൽ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കണം. ജലനിരപ്പ് 142 അടിയായാൽ പകൽ തന്നെ വെള്ളം തുറന്നുവിടണം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാനെയും തമിഴ്നാടിനെയും പരാതി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കനത്ത മഴയിൽ ജലനിരപ്പുയരുമ്പോൾ രാത്രിയാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കുന്നത്. ഇത് ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് തടസ്സമാവുന്നുണ്ട്. ജലം ഇരച്ചുകയറുമ്പോൾ മാത്രമാണ് ആളുകൾ ഡാം തുറന്ന കാര്യം അറിയുന്നതെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാടുമായി മുമ്പ് ഡാം തുറക്കുന്ന കാര്യം സംസാരിച്ചിരുന്നു. ജലനിരപ്പ് ഉയരുന്നത് ആശങ്കയോടെയാണ് കാണുന്നത്. 142 അടി എത്തിനിൽക്കുന്ന സാഹചര്യത്തിൽ പകൽ കൂടുതൽ വെള്ളം ഒഴുക്കിവിടാൻ തമിഴ്‌നാട് തയ്യാറാവണം. പ്രവർത്തനങ്ങൾ ക്രമപ്പെടുത്താൻ തമിഴ്‌നാടിന്‍റെ സഹകരണം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാടുമായി തർക്കമില്ല. എന്നാൽ, തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷ‍യുമാണ് വേണ്ടത്. പകൽ വെള്ളം തുറന്നുവിടണമെന്നതിനോട് തമിഴ്നാട് അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 

Tags:    
News Summary - Kerala will lodge a complaint against the Mullaperiyar shutters being opened at night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.