ഒറ്റ ദിവസം നാലര ലക്ഷം പേർക്ക് വാക്സിൻ നൽകി കേരളം

കോഴിക്കോട്: ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നൽകി കേരളം. 4.53 ലക്ഷം പേർക്കാണ് ഇന്ന് വാക്സിൻ കുത്തിവെച്ചത്. വാക്സിൻ ലഭിച്ചാൽ ഏറ്റവും നന്നായി കൊടുത്തു തീർക്കും എന്ന് കേരളം ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. രണ്ട് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് സ്റ്റോക്കുള്ളത്.

ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്‌സിനേഷനെന്ന് മന്ത്രി പറഞ്ഞു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ഒരു ദിവസം നാല് ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്.

ഇന്ന് 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. അര ലക്ഷത്തിലധികം പേര്‍ക്ക് ഇന്ന് മൂന്ന് ജില്ലകള്‍ വാക്‌സിന്‍ നല്‍കി. 59,374 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കോട്ടയം ജില്ലയും തൊട്ട് പുറകിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ വളരെ മുന്നിലാണെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Kerala vaccinated 4.5 lakh people in a single day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.