എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കാന്‍ ഓംബുഡ്സ്മാന്‍

തിരുവനന്തപുരം: പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ  മരണത്തിന്‍െറ പശ്ചാത്തലത്തില്‍  സര്‍ക്കാറും സാങ്കേതിക സര്‍വകലാശാലയും കര്‍ശന നടപടിക്ക്. സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭയും വിദ്യാര്‍ഥികളുടെ പരാതി പരിഗണിക്കാന്‍  ഓംബുഡ്സ്മാന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സാങ്കേതിക സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്സും തീരുമാനിച്ചു.

ജിഷ്ണുവിന്‍െറ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥിനായിരിക്കും സര്‍ക്കാര്‍തല സമിതിയുടെ ഏകോപനച്ചുമതല.  ജില്ല ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത വ്യക്തി ആയിരിക്കും ഓംബുഡ്സ്മാന്‍.  സര്‍വകലാശാലക്ക് കീഴിലെ 155 എന്‍ജിനീയറിങ് കോളജുകളിലും  വിദഗ്ധ സമിതി പരിശോധനനടത്തും.

നെഹ്റു കോളജിലെ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണണമെന്നും വിദ്യാര്‍ഥിയുടെ  ജീവന്‍ നഷ്ടപ്പെട്ടത് പോലെയുള്ള പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നുമുള്ള  പൊതുവികാരമാണ്  മന്ത്രിസഭാ യോഗത്തിലുണ്ടായത്. കോട്ടയം ജില്ലയിലെ ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളജിലും  വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ സ്വാശ്രയ കോളജുകളുടെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങള്‍ ഉന്നതതല സമിതി പരിശോധിക്കും. പഠനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, താമസ സൗകര്യം, പരീക്ഷാനടത്തിപ്പ്, ഇന്‍േറണല്‍അസെസ്മെന്‍റ് എന്നിവയും വിലയിരുത്തും.

എ.ഐ.സി.ടി.ഇ മാര്‍ഗരേഖയില്‍  വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതു പരിഗണിച്ചാണ് സര്‍വകലാശാല തീരുമാനം.  വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട എല്ലാ  പ്രശ്നങ്ങളിലും ഓംബുഡ്സ്മാനെ സമീപിക്കാം. സ്ഥാപനത്തിലെ  പീഡനം,  മെറിറ്റ് അട്ടിമറിക്കല്‍, കോഴ ആവശ്യപ്പെടല്‍, അനധികൃത ഫീസ് വര്‍ധന, വിദ്യാര്‍ഥിനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, പരീക്ഷയും ഫലപ്രഖ്യാപനവും വൈകല്‍,  മൂല്യനിര്‍ണയം, പഠനനിലവാരം, സംവരണം തുടങ്ങിയവ ഇതിലുള്‍പ്പെടും.

സര്‍വകലാശാലക്ക് കീഴിലെ സ്വാശ്രയ കോളജുകള്‍ എല്ലാവര്‍ഷവും അഫിലിയേഷന്‍ പുതുക്കേണ്ടതുണ്ട്. പരാതികള്‍ ഉള്ളിടങ്ങള്‍ മാത്രം പരിശോധിച്ച് അഫിലിയേഷന്‍ പുതുക്കി നല്‍കുന്നതാണ് നിലവിലെ രീതി. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത കോളജുകളിലെ മുതിര്‍ന്ന  അധ്യാപകരുടെ നേതൃത്വത്തിലെ സമിതിയായിരിക്കും കോളജുകളില്‍ പരിശോധന നടത്തുക. ഫെബ്രുവരിയില്‍ ആരംഭിച്ച് ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. സുപ്രീംകോടതി വിധിയനുസരിച്ച്  ഏപ്രില്‍ 30നകം കോളജുകളുടെ അംഗീകാരത്തില്‍ എ.ഐ.സി.ടി.ഇയും മേയ് 30നകം  അഫിലിയേഷന്‍ നല്‍കുന്നതില്‍ സര്‍വകലാശാലയും തീരുമാനമെടുക്കണം. ഇതിനകം  നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - kerala technical university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.