കോഴിക്കോട്: സംസ്ഥാനത്ത് ആത്മഹത്യനിരക്ക് കുറയുന്നു. ദേശീയതലത്തിൽ കേരളം ഒന്നിൽനി ന്ന് അഞ്ചാം സ്ഥാനത്തേക്കിറങ്ങി. എന്നാൽ, ഇതിനിടയിലും ആശങ്ക പരത്തി യുവാക്കളിൽ ആത്മഹത്യനിരക്ക് കൂടുന്നതായും ക്രൈം ഡിറ്റാച്ച്മെൻറ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2003ൽ ലക്ഷത്തിൽ 28.9 പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തിരുന്നതെങ്കിൽ 2017 ഓടെ ഇത് 22.5 ആയി കുറഞ്ഞു.
കേരളത്തിൽ തിരുവനന്തപുരം ജില്ലയാണ് ആത്മഹത്യയിൽ മുന്നിൽ. 2017ലെ കണക്ക് അനുസരിച്ച് 1252 പേർ സ്വയം തലസ്ഥാന ജില്ലയിൽ ജീവനൊടുക്കി. കൊല്ലം (824) രണ്ടാം സ്ഥാനത്തും തൃശൂർ (794) മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയിലെ നഗരങ്ങളിലെ കണക്ക് അനുസരിച്ച് കൊല്ലം ആത്മഹത്യയിൽ അഞ്ചാം സ്ഥാനത്താണ്. ചെന്നൈ, ബംഗളൂരു, ഡൽഹി, മുംബൈ എന്നീ നഗരങ്ങൾ ഒന്നുമുതൽ നാലുവരെ സ്ഥാനങ്ങളിൽ.
കുടുംബ പ്രശ്നങ്ങളാണ് പ്രധാനമായും ആത്മഹത്യയിലേക്ക് നയിക്കുന്നതിന് ഇടയാക്കുന്നതെന്നാണ് ക്രൈം ഡിറ്റാച്ച്മെൻറ് നിഗമനം. 60 ശതമാനം ഇങ്ങനെ മരണം വരിക്കുന്നു. 20 ശതമാനം പേർ മാനസിക കാരണങ്ങളാലും. 20നും 30നും ഇടയിൽ പ്രായമുള്ളവരിൽ ആത്മഹത്യ 20 ശതമാനത്തോളം വർധിച്ചതായാണ് കണക്കുകൾ. ലഹരിയുടെ അമിത ഉപയോഗമാണ് ഇത്തരക്കാരെ കൂടുതലായി ആത്മഹത്യയിൽ എത്തിക്കുന്നത്.
കേരളത്തിലെ ആത്മഹത്യകൾ കുറയുന്നതിന് കൂട്ടായ ശ്രമങ്ങൾ കാരണമായതായി ഡോ. പി.എൻ. സുരേഷ് കുമാർ മാധ്യമത്തോട് പറഞ്ഞു. മെഡിക്കൽ എജുക്കേഷന്‍ കീഴിലുള്ള ക്രൈസിസ്, തണൽ, മൈത്രി, സജ്ജീവനി പോലുള്ള പ്രതിരോധ സംഘടനകളുടെ പ്രവർത്തനങ്ങളും മതസ്ഥാപനങ്ങൾ, അയൽപക്ക വേദി, കുടുംബശ്രീ തുടങ്ങിയവയുടെ ഇടപെടലുകളും ജനങ്ങളുടെ മാനസിക സംഘർഷങ്ങൾ കുറക്കാൻ സഹായകമാതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.