‘പാട്ട് കേട്ടാ പിന്നെ ഡാൻസ് ചെയ്യാതെ പറ്റ്വോ?’ -ഇലയെടുക്കുന്നതിനിടെ ബീനേച്ചിയുടെ കിടിലൻ ഡാൻസ്

തൃശൂർ: പഴയിടത്തിന്റെ വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നതിനിടെ ഊട്ടുപുരയിലെത്തിയവരുടെ ശ്രദ്ധ കവർന്ന് ബീനേച്ചിയുടെ ഡാൻസ്. കലോത്സവ പാചകപ്പുരയിൽ ഇലയെടുക്കാൻ എത്തിയ നെല്ലങ്കര തൊഴിലുറപ്പ് തൊഴിലാളി സംഘത്തുലെ ബീന രാജനാണ് തകർത്താടിയത്. ഒപ്പമുള്ള അഞ്ച്പേരും കണ്ടുനിന്ന മറ്റുള്ളവരും ഇത് ഏറെ ആസ്വദിച്ചു.

‘പാട്ട് കേട്ടാൽ പിന്നെ എങ്ങിനെ ഡാൻസ് ചെയ്യാതിരിക്കും’ എന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ബീനേച്ചിയുടെ പ്രതികരണം. ഭക്ഷണം കഴിക്കുന്നവർക്കും വരിനിൽക്കുന്നവർക്കുമായി ഊട്ടുപുരയിൽ എക്സൈസ് വകുപ്പിന്‍റെ വക തകർപ്പൻ ഗാനമേള നടത്തിയിരുന്നു.

കലോത്സവ പാചകപ്പുര പ്രവർത്തിക്കുന്ന പാലസ് ഗ്രൗണ്ടിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ സിനിമഗാനങ്ങൾ പാടുന്നത്. ലഹരി വിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ഗാനമേള സംഘടിപ്പിച്ചത്. കലോത്സവം തുടങ്ങി ആദ്യദിനം മുതൽ പാചകപ്പുരയിൽ ഗാനമേള അരങ്ങേറുന്നു. 90കളിലെ മലയാളം, ഹിന്ദി നൊസ്റ്റാൾജിക് ഗാനങ്ങളും പുത്തൻ തട്ടുപൊളി ഗാനങ്ങളുമാണ് ആലപിക്കുന്നത്.

ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ 9447178000 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് വിവരം കൈമാറണമെന്ന് എക്സൈസ് വകുപ്പ് ആവശ്യപ്പെടുന്നു. വിദ്യാർഥികളിൽ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ 9656178000 (നേർവഴി) എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം. കൗൺസിലിങ്ങിനും ചികിത്സക്കുമായി വിമുക്തി ടോൾ ഫ്രീ നമ്പറായ 14405ൽ ബന്ധപ്പെടാം. എക്സൈസ് വിമുക്തി ജില്ല കോഓഡിനേറ്റർ ഷഫീഖ് യൂസഫ് പദ്ധതി വിശദീകരണം നടത്തി.

അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സി. ബിനോജ്, ജയ്സൺ ജോസ്, ടി.കെ. കണ്ണൻ, പ്രവന്‍റീവ് ഓഫിസർമാരായ ഇ.ടി. രാജേഷ്, എ. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എ. വൈഷ്ണവ്, സനീഷ് മധു എന്നിവരാണ് പാട്ടുകൾക്ക് നേതൃത്വം നൽകിയത്.


Full View

Tags:    
News Summary - kerala school fest 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.