തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമായി. സംസ്ഥാന വ്യാപകമായി ഞായറാഴ്ചയുണ്ടായ കാറ്റിലും മഴയിലും വ്യാപകനാശം. രണ്ടുമരണവും റിപ്പോർട്ട് ചെയ്തു. ഒരാളെ കാണാതായി.
സംസ്ഥാനത്ത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 43 കുടുംബങ്ങളിലെ 137 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മിക്കനദികളും ജലാശയങ്ങളും അപകടകരമാംവിധം നിറഞ്ഞൊഴുകുകയാണ്. ആലപ്പുഴ പുന്നമട രാജീവ് ബോട്ട് ജെട്ടിക്കുസമീപം കാർ തോട്ടിൽവീണ് യുവാവ് മരിച്ചു. പത്തനംതിട്ട കോന്നിയിൽ ബൈക്ക് തോട്ടിൽവീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂരിൽ കുളത്തിൽ നീന്തുന്നതിനിടെ, യുവാവിനെ കാണാതായി.
തത്തംപള്ളി സ്വദേശി കുട്ടിച്ചിറ ബിജോയി ആന്റണിയാണ് ആലപ്പുഴയിൽ കാർ തോട്ടിൽവീണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. പുലർച്ച രണ്ടുമണിയോടെയായിരുന്നു അപകടം. റോഡ് വളവായതിനാൽ നിയന്ത്രണംവിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. മെഡിക്കൽ സ്റ്റോർ ഉടമ അതിരുങ്കൽ സ്വദേശി പ്രവീണാണ് കോന്നിയിൽ ബൈക്ക് തോട്ടിൽവീണ് മരിച്ചത്. കണ്ണൂർ അഴീക്കോട് ആയനിവയൽ കുളത്തിൽ നീന്തുന്നതിനിടെ, മാട്ടൂൽ സ്വദേശി ഇസ്‌മായിലിനെ കാണാതായി. കൊട്ടിയൂർ ബാവലി പുഴയിലെ തടയണ പൊട്ടി. കൊട്ടിയൂർ അമ്പലത്തിൽ ഉത്സവത്തിനെത്തുന്നവർ കുളിക്കുന്ന പുഴയിൽ സ്ഥാപിച്ച തടയണയാണിത്.
കാസർകോട് നീലേശ്വരത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടപ്പുറം അച്ചാംതുരുത്തി റോഡിൽ ഒട്ടേറെ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു. മന്നംപുറം ദേശീയപാത റോഡിൽ മരംവീണ് ഗതാഗതം നിലച്ചു. വെള്ളരിക്കുണ്ട് കാറ്റാംകവലയിൽ മലയുടെ അടിവാരത്തുനിന്ന് വെള്ളം പൊട്ടിയൊലിച്ചതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കോഴിക്കോട് കള്ളിക്കുന്നിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. കരിങ്കൽക്കെട്ട് 15 മീറ്ററോളമാണ് തകർന്നത്. കോട്ടയം ചുങ്കം പാലത്തിനുസമീപം വൻമരം റോഡിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഉരുൾപൊട്ടൽ സാധ്യതമേഖലകളിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
വടക്കൻ കർണാടകക്കും തെലങ്കാനക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ അടുത്ത അഞ്ചുദിവസം സംസ്ഥാന വ്യാപകമായി അതിശക്തമായ മഴക്കും മണിക്കൂറിൽ 40-60 കി.മീ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തീരങ്ങളിൽ നിന്ന് 19വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലും അവധിയാണ്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.