കുട്ടികളിലെ ഡിജിറ്റൽ ആസക്തി; കേരള പൊലീസിന്‍റെ ഡിഡാഡിലൂടെ രക്ഷിച്ചത് 775 കുട്ടികളെ

തിരുവനന്തപുരം: കുട്ടികളിലെ ഡിജിറ്റൽ ആസക്തിയും അടിമത്തവും കുറക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ഡിഡാഡ് പദ്ധതി വിജയകരം. കേരള പൊലീസിന്‍റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍. കേരള പൊലീസിന്‍റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 2023 ജനുവരിയിലാണ് ഡിഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍) പദ്ധതി ആരംഭിച്ചത്.

കുട്ടികളിലെ മൊബൈല്‍, ഇന്‍റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്താകെ ഈ പദ്ധതിയിലേക്ക് ബന്ധപ്പെട്ട 1739 പേരിൽ 775 കുട്ടികൾക്ക് പൂർണമായും ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നൽകാൻ കഴിഞ്ഞുവെന്നും ബാക്കി കുട്ടികളുടെ കൗൺസിലിങ്ങും മറ്റും നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.

ദേശീയ തലത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും പദ്ധതി ഉറപ്പാക്കുന്നുണ്ട്.

കുട്ടികളുടെ സ്വാഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് ഡിജിറ്റല്‍ അടിമത്തം കണ്ടെത്തുകയും അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ പരിഹാരം കാണുകയും ചെയ്യുന്നു.

14 മുതല്‍ 17 വരെ പ്രായക്കാരിലാണ് ഇവ കൂടുതൽ ആൺകുട്ടികളാണ് കൂടുതൽ. ആണ്‍കുട്ടികള്‍ ഗെയിമുകൾക്കും

പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയക്കുമാണ് കൂടുതലും അടിമപ്പെടുന്നത്. അക്രമാസക്തരായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഉപദ്രവിക്കുന്ന ഘട്ടങ്ങളിലേക്കുവരെ കുട്ടികള്‍ എത്തുന്നു.

മനശാസ്ത്ര വിദഗ്ധര്‍ തയാറാക്കിയ ഇന്‍റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റ് വഴിയാണ് ഡിജിറ്റല്‍ അടിമത്തത്തിന്‍റെ തോത് കണ്ടെത്തുക. തുടര്‍ന്ന് കുട്ടികളെ ഇതിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് 'ഡിഡാഡ്' അവബോധവും നല്‍കുന്നുണ്ട്.

Tags:    
News Summary - Kerala Police's D-DAD project frees 775 children from screen addiction in 2 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.