ഗർഭിണികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇനി കാക്കി സൽവാർ കമീസ്; യൂണിഫോം ചട്ടങ്ങളിൽ ഇളവുമായി കേരള പൊലീസ്

തിരുവനന്തപുരം: ഗർഭകാലത്ത് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ വനിതാ പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് യൂണിഫോം ചട്ടങ്ങളിൽ ഇളവ് അനുവദിച്ച് കേരള പൊലീസ്. ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇനി കാക്കി സൽവാർ കമീസും ഷാളും ചെരുപ്പും ധരിച്ച് ഔദ്യോഗിക ചുമതല നിർവഹിക്കാം. ഐജി ഹർഷിത അട്ടല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആവശ്യമുള്ളവർക്ക് ഈ യൂണിഫോം ധരിക്കാമെന്നും നിർബന്ധമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഗർഭകാലത്ത് നിലവിലെ യൂണിഫോം ധരിച്ച് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പുതിയ തീരുമാനം. കേരള പൊലീസ് സ്റ്റാൻഡിങ് ഓർഡറുകൾ, പൊലീസ് ആസ്ഥാനത്തിന്റെ മുൻ സർക്കുലറുകൾ, ഐ.പി.എസ് യൂണിഫോം ചട്ടങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ സമാന പൊലീസ് ചട്ടങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് ഇളവ് അനുവദിച്ചതെന്ന് ഉത്തരവിൽ പറയുന്നു.

നിലവിലുള്ള സംസ്ഥാന ചട്ടങ്ങളിലും ഉത്തരവുകളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഗർഭകാലത്തെയും പ്രസവാനന്തര കാലയളവിലെയും യൂണിഫോം സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗർഭകാലത്ത് കൂടുതൽ സൗകര്യപ്രദമായ യൂണിഫോം ധരിക്കാൻ അനുമതി നൽകിയത്.

അതേസമയം വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് യൂണിഫോം ചട്ടങ്ങൾ തന്നെയായിരിക്കും ബാധകം. ഗർഭകാലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ചിരുന്ന നിർദേശങ്ങളിലും പുതിയ ഉത്തരവിന്റെ പരിധിയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.

Tags:    
News Summary - Kerala Police Eases Maternity Uniform Rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.