തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് വെറും സാങ്കേതികം മാത്രമാണെന്നും അതിനെ ഹൈലൈറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും കേരള മുസ്‍ലിം ജമാഅത്ത് വൈസ് പ്രസിഡൻറ് സി. മുഹമ്മദ് ഫൈസി.
കാറിൽ കയറ്റിയത് വ്യക്തിപരമായ കാര്യമാണ്. വ്യക്തിപരമായ പരാമർശങ്ങൾക്ക് തങ്ങളില്ല. സർക്കാർ ഓരോ വിഭാഗങ്ങൾക്കും നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളുൾപ്പെടെ ധവളപത്രമിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കേരള യാത്ര’ വെള്ളിയാഴ്ച സമാപിക്കും
കേരള മുസ്‍ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ കാസർകോട് നിന്നാരംഭിച്ച കേരള യാത്ര വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് പാളയത്ത് നിന്ന് ആരംഭിക്കുന്ന റാലിയും സെന്‍റിനറി ഗാർഡ് പരേഡും പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യാത്ര ക്യാപ്റ്റൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഇ. സുലൈമാൻ മുസ്ലിയാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ ജനുവരി ഒന്നിന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരിയിലും പര്യടനം പൂർത്തിയാക്കിയാണ് കേരള യാത്ര തലസ്ഥാനത്ത് പ്രവേശിക്കുന്നത്.
യാത്രയുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന വികസന രേഖ മുഖ്യമന്ത്രിക്ക് കൈമാറും. സമാപന സമ്മേളനത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നടപ്പാക്കുന്ന റിഹാഇ കെയർ പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രിയും കാന്തപുരവും ചേർന്ന് നിർവഹിക്കും. വാർത്താസമ്മേളനത്തിൽ കേരള മുസ്‍ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് സി. മുഹമ്മദ് ഫൈസി, സെക്രട്ടറി സി.പി. സൈതലവി, സിയാദ് കളിയിക്കാവിള, സിദ്ദീഖ് സഖാഫി നേമം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.