സെൻസസ് മുന്നൊരുക്കങ്ങളിലേക്ക് കേരളം; ബ്ലോക്ക് നിർണയം ഈമാസം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂട് കെട്ടടങ്ങിയതിന് പിന്നാലെ സെൻസസ് മുന്നൊരുക്കങ്ങളിലേക്ക് സംസ്ഥാനം. ഒന്നാംഘട്ടത്തിൽ നടക്കുന്ന ഭവന സെൻസസിനുള്ള ബ്ലോക്ക് (ഹൗസ് ലിസ്റ്റിങ് ബ്ലോക്ക്-എച്ച്.എൽ.ബി) തയാറാക്കൽ ജോലികൾ ഏപ്രിൽ അവസാനത്തോടെ ആരംഭിക്കാനാണ് സെൻസസ് ഡയറക്ടറേറ്റിന്‍റെ തീരുമാനം. കെട്ടിടങ്ങളെ 250 മുതൽ 300 വരെയുള്ള ബ്ലോക്കുകളായി തിരിച്ചാണ് ക്രമീകരണം. ഓരോ ബ്ലോക്കിനും ഓരോ എന്യൂമറേറ്ററെ നിയോഗിക്കും.

ഭവന സെൻസസ് പ്രവർത്തനങ്ങളുടെ ഏറ്റവും ചെറിയ യൂനിറ്റാണ് എച്ച്.എൽ.ബികൾ. കേരളത്തിലെ ജനസാന്ദ്രതയും തിങ്ങിനിറഞ്ഞ കെട്ടിടങ്ങളും സവിശേഷ സാഹചര്യവും പരിഗണിച്ച് ഓരോ ബ്ലോക്കിലെയും കെട്ടിടങ്ങളുടെ എണ്ണം കുറയാനും സാധ്യതയുണ്ട്. രണ്ടാംഘട്ടത്തിൽ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിനും (പോപുലേഷൻ എന്യൂമറേഷൻ -പി.ഇ) ബ്ലോക്കുകൾ നിശ്ചയിക്കണം. 700-800 പേർ ഉൾക്കൊള്ളുന്നതാണ് പി.ഇ ബ്ലോക്കുകൾ. ഇവ പിന്നീടാകും നിശ്ചയിക്കുക.

ഭവനസർവേക്കുള്ള ബ്ലോക്കുകൾ ക്രമീകരിക്കുന്നതിന് സമാന്തരമായി ഉദ്യോഗസ്ഥരുടെ പരിശീലനം ഏപ്രിലിൽതന്നെ ആരംഭിക്കും. ഏപ്രിൽ 18ന് കലക്ടർമാരുടെ യോഗം സെൻസസ് ഡയറക്ടർ വിളിച്ചിട്ടുണ്ട്. കലക്ടർമാരാണ് അതാത് ജില്ലകളിലെ പ്രിൻസിപ്പൽ സെൻസസ് ഓഫിസർമാർ. കലക്ടർമാരുടെ യോഗത്തിന് പിന്നാലെ താലൂക്ക്-മുനിസിപ്പൽതല ചുമതലയുള്ള ‘ചാർജ് സെൻസസ് ഓഫിസർ’മാരായ തഹസിൽദാർമാർ, മുനിസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യേഗസ്ഥരുടെ പരിശീലനം ഏപ്രിൽ 20 മുതൽ 25 വരെ നടക്കും.

എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും ഉൾപ്പെടെ ഏകദേശം 70,000 പേരെ സംസ്ഥാനത്ത് സെൻസസ് പ്രവർത്തനങ്ങൾക്കായി വിന്യസിക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ആറ് എന്യൂമറേറ്റർമാർക്ക് ഒരു സൂപ്പർവൈസർ എന്ന നിലയിലാണ് ക്രമീകരണം. സെൻസസ് പ്രവർത്തനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ 2027 മാർച്ച് 31 വരെ സ്ഥലംമാറ്റരുതെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.

മാത്രമല്ല, സെൻസസ് നടപടികൾ കഴിയുംവരെ ജില്ലകൾ, താലൂക്കുകൾ, വില്ലേജുകൾ, വാർഡുകൾ തുടങ്ങി ഭരണ യൂനിറ്റുകളുടെയും പൊലീസ് സ്റ്റേഷനുകളുടെയും അതിർത്തികളിൽ മാറ്റംവരുത്താനും സംസ്ഥാനങ്ങൾക്ക് കഴിയില്ല. എന്യൂമറേഷൻ ബ്ലോക്കുകൾ കൃത്യമായി നിർണയിക്കാനും ഡാറ്റയിൽ പിഴവുകൾ വരാതിരിക്കാനും ഇത് അനിവാര്യമാണ്. 

മുറികളുടെ വിവരം മുതൽ മൊബൈൽവരെ, 33 ചോദ്യങ്ങൾ

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന സെൻസസ് പ്രക്രിയ സമ്പൂർണമായും ഡിജിറ്റൽ സ്വഭാവത്തിലാണ്. പോർട്ടൽ വഴി (se.census.gov.in) പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷനാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ജൂൺ 16 മുതൽ 30 വരെയാണ് സെൽഫ് എന്യൂമറേഷന് അനുവദിച്ച സമയപരിധി.

വീട്ടുനമ്പറും മുറികളും മേൽക്കൂരയും ശുചിമുറിയും ഗ്യാസ് കണക്ഷനും മുതൽ മൊബൈൽ ഫോണും ഇന്‍റർനെറ്റും വാഹനവും കഴിക്കാനുപയോഗിക്കുന്ന ധാന്യവും വരെ 33 ചോദ്യങ്ങൾക്കാണ് മറുപടി പൂരിപ്പിക്കേണ്ടത്. പോർട്ടൽ വഴി പൂരിപ്പിക്കുന്നവർ സബ്മിറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐ.ഡി സൂക്ഷിക്കണം.

ജൂലൈ ഒന്നുമുതൽ 30 വരെയാണ് എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ സമാഹരിക്കുന്നത്. പോർട്ടൽ വഴി സമർപ്പിക്കാൻ കഴിയാത്തവർക്ക് ഈ ഘട്ടത്തിൽ വിവരങ്ങൾ നേരിട്ട് നൽകാം. പോർട്ടൽ വഴി സമർപ്പിച്ചവർ സെൽഫ് എന്യൂമറേഷൻ ഐ.ഡി, വീട്ടിലെത്തുന്ന എന്യൂമറേറ്റർമാർക്ക് നൽകണം. സെൻസസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ്.

Tags:    
News Summary - Kerala moves into census preparations; block mapping to be completed this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.