പിന്നിൽ ഉന്നതന്‍റെ ബന്ധുവിന്‍റെ കച്ചവടം; വിദ്യാർഥികളെ നിരീക്ഷിക്കാൻ കാമറ
തിരുവനന്തപുരം: സർക്കാർ അറിയാതെയും നയപരമായ തീരുമാനമെടുക്കാതെയും സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളെ നിരീക്ഷിക്കാൻ കാമറ സ്ഥാപിക്കാനുള്ള പദ്ധതി ആസൂത്രണ ബോർഡിന് മുന്നിൽ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്ലാൻ നിർദേശത്തിൽ വകുപ്പിലെ ഉന്നത ‘സ്പെഷൽ’ ഉദ്യോഗസ്ഥൻ ഇടപെട്ട് മാറ്റം വരുത്തിയാണ് കാമറ പദ്ധതി ഉൾപ്പെടുത്തിയത്. പദ്ധതിയുടെ ചർച്ച ഘട്ടത്തിലൊന്നുമില്ലാതിരുന്ന കാമറ, സമർപ്പണ ഘട്ടത്തിലാണ് സർക്കാറുമായി ആലോചിക്കാതെ ‘സ്പെഷൽ ഉന്നതൻ’ കൂട്ടിച്ചേർക്കാൻ നിർദേശിച്ചത്.
കുട്ടികളുടെ സ്വകാര്യതയും ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങൾ ഉയർന്നുവരുന്ന പദ്ധതിയായതിനാൽ ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണം. എന്നാൽ, ഇതൊന്നുമില്ലാതെയാണ് ആറുകോടിയുടെ പദ്ധതി ആസൂത്രണ ബോർഡിന്‍റെ മുന്നിലെത്തിച്ചത്. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ സഹോദരന്‍റെ എ.ഐ കാമറ കച്ചവടത്തെ സഹായിക്കുകയാണ് സ്കൂളുകളിൽ കാമറ സ്ഥാപിക്കാനുള്ള പദ്ധതിക്ക് പിറകിലെന്ന ആരോപണം ശക്തമാണ്. വിദ്യാർഥികളുടെ കൃത്യമായ ഹാജർ രേഖപ്പെടുത്താൻ ‘ഫേസ് ഡിറ്റക്ഷൻ അറ്റൻഡൻസ് സിസ്റ്റം’ എന്ന പേരിലാണ് പദ്ധതി സമർപ്പിച്ചത്. പരമ്പരാഗത പേപ്പർ രജിസ്റ്ററുകൾക്ക് പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വഴി വിവരങ്ങൾ യഥാസമയം ലഭിക്കാനും ആവർത്തിച്ചുള്ള ഡാറ്റാ എൻട്രി ഒഴിവാക്കാനും കുട്ടികൾ സ്കൂളിൽ മുടങ്ങാതെ വരുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കുമെന്നാണ് പറയുന്നത്.
സ്കൂൾ പ്രവേശന കവാടത്തിലോ അനുവദിക്കപ്പെട്ട മറ്റു സ്ഥലങ്ങളിലോ സ്ഥാപിക്കുന്ന, കാമറയുള്ള ഉപകരണം വഴി കുട്ടികളുടെ മുഖം തിരിച്ചറിഞ്ഞ് തീയതിയും സമയവും സഹിതം ഹാജർ രേഖപ്പെടുത്തുമെന്നും ആസുത്രണ ബോർഡിന്‍റെ പരിഗണനയിലുള്ള പദ്ധതി നിർദേശത്തിലുണ്ട്. എന്നാൽ, പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ സ്വകാര്യതയിലേക്കും ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയുമായും ബന്ധപ്പെട്ട ആശങ്കകളൊന്നും ചർച്ച ചെയ്തിട്ടില്ല. മാത്രമല്ല, സർക്കാർ തലത്തിലോ വകപ്പുതലത്തിലോ തീരുമാനമെടുക്കാതെയാണ് സ്വകാര്യ കാമറ കമ്പനിയുടെ കച്ചവടം ലക്ഷ്യമിട്ടുള്ള പദ്ധതി ആസൂത്രണ ബോർഡ് മുമ്പാകെ സമർപ്പിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറാക്കിയ പദ്ധതി നിർദേശത്തിൽ ചിലത് വെട്ടിമാറ്റിയാണ് ഉന്നത ഉദ്യോഗസ്ഥൻ കാമറ പദ്ധതി തിരുകിക്കയറ്റിയത്. ഇതിൽ ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്.
ഉയർത്തുന്നത് സുരക്ഷ വെല്ലുവിളി
മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ വഴി ഹാജർ രേഖപ്പെടുത്തുന്നത് കുട്ടികളുടെ സ്വകാര്യതക്കും സുരക്ഷക്കും വലിയ വെല്ലുവിളിയാകും. പാസ്വേഡുകൾ പോലെ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതാണ് കാമറവഴി ശേഖരിക്കുന്ന ബയോമെട്രിക് ഡാറ്റ. ഇത്തരം വിവരങ്ങൾ ചോർന്നാൽ കുട്ടികളുടെ ഭാവിജീവിതത്തെപ്പോലും പ്രതികൂലമായി ബാധിക്കാം. പദ്ധതി നടപ്പാക്കുന്ന സ്വകാര്യ വെണ്ടർമാരുടെ ഇടപെടലുകൾ കുട്ടികളുടെ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. ഹാജറിനപ്പുറം കുട്ടികളുടെ സ്വഭാവം നിരീക്ഷിക്കുന്നതടക്കമുള്ള പ്രവണതകളിലേക്കും ഇവ ഉപയോഗിച്ചേക്കാം. ഇത് വിദ്യാലയങ്ങളിലെ സ്വതന്ത്ര പഠനാന്തരീക്ഷം ഇല്ലാതാക്കും. വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.