വ്യാഴാഴ്ച പരിയാരം കൊമ്പൻപാറ തടയണയിൽ അപകടത്തിൽപെട്ട തമിഴ്നാട് സ്വദേശിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു

ചാലക്കുടിപ്പുഴയിലെ തടയണയിൽ വീണ്ടും അപകടം

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ തടയണയിൽ ഒഴുക്കിൽപ്പെട്ട് വീണ്ടും അപകടം. അപകടത്തിൽപ്പെട്ടയാളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച പരിയാരം കൊമ്പൻപാറ തടയണയിലാണ് അപകടമുണ്ടായത്. നിറഞ്ഞുകവിഞ്ഞൊഴുകുന്ന പരിയാരം കൊമ്പൻ പാറ തടയണയിൽ ഫോട്ടോ എടുക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് 12.45ഓടെയാണ് അപകടത്തിൽപെട്ടത്. പൂലാനിയിലെ ബിയർ കമ്പനിയിലേക്ക് ലോഡുമായി വന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ പുഴയിൽ ഇറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു.

തടയണയുടെ മധ്യഭാഗത്ത് എത്തി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ പുഴയിലേക്ക് മറിഞ്ഞ് വീണ തമിഴ്നാട് വൃദ്ധാചലം പുതുവെപ്പൻ കുറിച്ചി സ്വദേശി സുരേന്ദ്രൻ (25) ഒഴുക്കിൽപ്പെട്ട് പാറയിൽ പിടിച്ചു കിടന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും സ്‌കൂബ ഡൈവറുമായ അനിൽ മോഹനും ടി.ഡി. ദീപുവും പുഴയിലേക്കിറങ്ങി. കനത്ത ഒഴുക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും തൊട്ടടുത്തെത്തി ആളെ ലൈഫ് ബോയിൽ കയറ്റി തടയണയുടെ മുകളിലേക്ക് വലിച്ച് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ചയായിരുന്നു മറ്റൊരപകടം ഉണ്ടായത്. കൂടപ്പുഴ തടയണയിൽ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ തൊടുപുഴ പൂമല സ്വദേശി ജോമോൻ (23) തടയണയിലെ അടക്കാത്ത ചീപ്പുകൾ വഴി തടയണയുടെ പുറത്തേക്ക് ഒഴുകുകയായിരുന്നു. പാറയിൽ പിടിച്ചുകിടന്ന ഇദ്ദേഹത്തെ ഫയർഫോഴ്സ് എത്തി സാഹസികമായി രക്ഷപ്പെടുത്തി. സേനാംഗങ്ങളായ എ.വി. രെജു, അനിൽ മോഹൻ എന്നിവർ റോപ്പും ലൈഫ് ബോയും ഉപയോഗിച്ച് ഒഴുക്കിനെതിരെ വലിച്ചു മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു.

പിന്നീട് ഒഴുക്കിനനുസരിച്ച് താഴേക്ക് അപകടത്തിൽപ്പെട്ടയാളെ ലൈഫ് ബോയുടെ സഹായത്താൽ കരയ്ക്ക് കയറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ മാസത്തിലും ഇത്തരമൊരു അപകടം സംഭവിച്ചിരുന്നു. ജൂൺ 30ന് മേലൂർ സ്വദേശി വെള്ളാച്ചേരി വീട്ടിൽ ഗിരിജനെ സേന അംഗങ്ങളായ അനിൽ മോഹനും ടി.ഡി. ദീപുവുമാണ് രക്ഷപ്പെടുത്തിയത്. തുടർച്ചയായി ചാലക്കുടിപ്പുഴയിലെ തടയണയിൽ സംഭവിക്കുന്ന അപകടങ്ങൾ ആശങ്ക വർധിപ്പിക്കുന്നതാണെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി മരണങ്ങളാണ് ഇത്തരത്തിൽ ഈ രണ്ട് മേഖലയിലും സംഭവിച്ചത്.

Tags:    
News Summary - Another accident at the Chalakudy River dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.