കോട്ടയത്ത് യുവതികളുടെ ദാരുണാന്ത്യം: റോഡിൽ വണ്ടി നിർത്തി കുശലം പറയരുതെന്ന് എം.വി.ഡി
തിരുവനന്തപുരം: റോഡിൽ സംസാരിക്കുന്നവരെ ഇടിക്കാതിരിക്കാൻ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നിൽ വന്ന സ്കൂട്ടർ മറിഞ്ഞ് രണ്ട് യുവതികൾ ദാരുണമായി മരിച്ചതിന് പിന്നാലെ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. കഥ പറയാനും സൊറ പറയാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി റോഡിൽ സ്ഥലം കണ്ടെത്തരുതെന്ന് എം.വി.ഡി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയിലായിരുന്നു നാടിനെ നടുക്കിയ അപകടം. പാമ്പാടി പൊത്തൻപുറം ബ്ലോസം വാലി ചൈൽഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടർ ഫാദർ കുര്യാക്കോസ് കടവുംഭാഗത്തിന്‍റെ മകൾ കൃപ മെറിൻ കുര്യൻ (24), മീനടം സ്വദേശി വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ്(25) എന്നിവരാണ് മരിച്ചത്. ആസ്ട്രേലിയയിൽ എംഎസ്‍ഡബ്ല്യു പഠനം കഴിഞ്ഞ് നാട്ടിലെത്തിയ കൃപ ഉപരിപഠനത്തിന് പോകാനിരിക്കുകയായിരുന്നു. ഉപരിപഠനത്തിന് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആഷ്‌ലിയും.
ബുധനാഴ്ച രാവിലെ ഒൻപതിന് കെകെറോഡില്‍ പതിമൂന്നാം മൈലിൽ ആയിരുന്നു അപകടം. റോഡിൽ ബെക്ക് നിർത്തി കുശലം പറയുകയായിരുന്നവരെ ഇടിക്കാതിരിക്കാനാണ് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് നിർത്തിയത്. ഇതോടെ ആഷ്‌ലിയും മെറിനും സഞ്ചരിച്ച സ്കൂട്ടർ ബ്രേക്കിടുകയും തെന്നി ഇരുവരും എതിരെവന്ന ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. സിസിടിവിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
റോഡിൽ വാഹനങ്ങൾ പോകാനുള്ള ഇടമാണ് ക്യാര്യേജ് വേ എന്നും അവിടെ ഒരു വാഹനം നിർത്തുന്നതും, ആളുകൾ നിൽക്കുന്നതും വാഹനങ്ങളുടെ സ്വാഭാവിക സഞ്ചാരത്തെ തടസപ്പെടുത്തുമെന്നും എം.വി.ഡി ചൂണ്ടിക്കാട്ടി. ‘കഥ പറയാനും സൊറ പറയാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി റോഡിൽ സ്ഥലം കണ്ടെത്തരുത്. അത്യാവശ്യം വേണമെങ്കിൽ ക്യാരേജ് വേക്ക് വെളിയിൽ സുരക്ഷിത സ്ഥലമുള്ള ഇടങ്ങളിൽ നിർത്താമല്ലോ? പല കാരണങ്ങളാലും അപകടങ്ങൾ ഉണ്ടാവാം. എന്നിരുന്നാലും റോഡിൽ സൊറയും കുശലവും പറഞ്ഞ് നിൽക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് അപ്രതീക്ഷിതമായി ബ്രേക്കിടേണ്ടിയും ദിശ മാറ്റേണ്ടിയും വരും. ഇത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും. അതിനാൽ റോഡിൽ വണ്ടി നിർത്തി സംസാരിക്കുന്നതും കുശലം പറയുന്നതും ഒഴിവാക്കിയേ മതിയാവൂ’ -എം.വി.ഡി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.