മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ്
ഉയരെ വിവാദം...; ഉദ്ഘാടനം ചെയ്ത രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ വിവാദക്കുരുക്കിൽ
മട്ടാഞ്ചേരി: നഗരങ്ങളും ഗ്രാമങ്ങളും അംബരചുംബികളായ കെട്ടിടങ്ങൾ കൊണ്ട് നിറയുമ്പോൾ ഭവന രഹിതർക്കായി കൊച്ചിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത രണ്ട് ഫ്ലാറ്റ് സംരംഭങ്ങളാണ് വിവാദക്കുരുക്കിൽ അകപ്പെട്ടത്. ഉദ്ഘാടനം ചെയ്തതുമുതൽ ആക്ഷേപങ്ങളും പരാതികളും ഉയർന്ന മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് പൊളിച്ചുമാറ്റുന്നതിന്റെ വക്കിലാണ്.
ജി.സി.ഡി.എയും നിർമാണ കമ്പനിയും പരസ്പരം പഴിചാരുമ്പോൾ പദ്ധതിയുടെ നിർമാണത്തിൽ ഗുരുതര ക്രമക്കേടുകളാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്. ഫോർട്ടുകൊച്ചി തുരുത്തിയിലെ ഇരട്ട ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് കൈമാറാൻ കഴിഞ്ഞിട്ടില്ല.
മുണ്ടംവേലി ഫ്ലാറ്റ്: അടിമുടി അലങ്കോലം
2024 ജനുവരി 30നാണ് എറണാകുളം കടവന്ത്ര പി ആൻഡ് ടി കോളനിയിലെ 78 കുടുംബങ്ങളെ അവിടത്തെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരമെന്ന നിലയിൽ ലൈഫ് പദ്ധതി പ്രകാരം പണിതുയർത്തിയ മുണ്ടംവേലിയിലെ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിച്ചത്. പുതിയ കെട്ടിടവും സംവിധാനങ്ങളും കണ്ട് മനസ്സ് നിറഞ്ഞ കോളനിവാസികളുടെ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മുകൾ നിലയിൽ താമസിക്കുന്നവർ ബാത്ത് റൂം ഉപയോഗിച്ചാൽ താഴെ നിലകളിലെ അടുക്കളയടക്കം എല്ലായിടത്തും മലിനജലം ഒലിച്ചിറങ്ങും. കെട്ടിട ഭാഗങ്ങളിലൂടെ 110 കെ.വി ലൈൻ കടന്നുപോകുന്നു. വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക് തകരാർ പതിവായി. സീവേജ് സംവിധാനമില്ല. കക്കൂസ് മാലിന്യം മുറ്റം നിറഞ്ഞ് റോഡിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഒഴുകുന്നു.
ഇതിന് പുറമെയാണ് ചോർച്ചയും കെട്ടിടത്തിന്റെ ബലക്ഷയവും. പഴയ കോളനിയായിരുന്നു ഇതിലും ഭേദമെന്ന് ഇപ്പോൾ ഇവിടുത്തെ താമസക്കാരായ 420 പേരും ഒരേ സ്വരത്തിൽ പറയുന്നു. ഫ്ലാറ്റ് സമുച്ചയം താമസ യോഗ്യമല്ലെന്നും താമസക്കാരെ അടിയന്തരമായി സുരക്ഷിതവും വാസയോഗ്യവുമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് അമിക്കസ് ക്യൂറി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.
ഫ്ലാറ്റിലെ താമസക്കാരുടെ അടിയന്തര പുനരധിവാസം പ്രത്യേക പാക്കേജായി നടപ്പാക്കണമെന്ന് മുഹമ്മദ് ഷിയാസ് എം.എൽ.എ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എം.എൽ.എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി അടിയന്തര യോഗം ചേർന്ന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി വ്യക്തമാക്കിയിട്ടുണ്ട്.
ഫോർട്ടുകൊച്ചി തുരുത്തിയിലെ ഇരട്ട ഫ്ലാറ്റ്
ഉദ്ഘാടനം കഴിഞ്ഞിട്ടും കൈമാറാതെ തുരുത്തി ഫ്ലാറ്റ്
ഫോർട്ടുകൊച്ചി തുരുത്തിയിൽ 394 കുടുംബങ്ങൾക്കായുള്ള ഇരട്ട ഫ്ലാറ്റ് സമുച്ചയം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. പാർപ്പിടമില്ലാത്ത ഒരാൾ പോലും സംസ്ഥാനത്ത് ഉണ്ടാകരുതെന്നതാണ് ലക്ഷ്യമെന്നായിരുന്നു ആദ്യ താക്കോല്‍ വീട്ടമ്മയായ സുബൈദക്ക് നല്കി പിണറായി പറഞ്ഞത്.
എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും ഫ്ലാറ്റ് ഗുണഭോക്തക്കൾക്ക് കൈമാറാൻ കഴിഞ്ഞിട്ടില്ല. സർക്കാർ മാറി വന്നിട്ടും സ്ഥിതിയിൽ മാറ്റമില്ല.രണ്ട് ഭവന സമുച്ചയങ്ങളാണ് തുരുത്തിയിൽ നിര്‍മിച്ചത്. ആദ്യത്തേത് നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും രണ്ടാമത്തേത് നഗരസഭക്ക് വേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് നിര്‍മിച്ചതുമാണ്. 10796.42 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒന്നാമത്തെ ടവറിന്റെ നിർമാണ ചെലവ് 41.74 കോടിയാണ്. 11 നിലകളിലായി 300 ചതുരശ്ര അടി വീതമുള്ള 199 യൂനിറ്റുകളാണുള്ളത്. ഓരോ യൂനിറ്റിലും ലിവിങ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, ടോയ്ലറ്റുകള് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് 44.01 കോടി ചെലവഴിച്ചാണ് രണ്ടാമത്തെ ടവർ പൂര്‍ത്തീകരിച്ചത്.
13 നിലകളില്‍ ആകെ 195 പാര്‍പ്പിട യൂനിറ്റുകൾ. ഓരോ നിലയിലും 15 യൂനിറ്റ് വീതമുണ്ട്. ഭവനരഹിതർക്കായി ഒരു നഗരസഭ രാജ്യത്ത് നിർമിച്ച ഏറ്റവും വലിയ പാർപ്പിട പദ്ധതി കൂടിയാണിത്. ചേരികളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഗുണഭോക്താക്കൾ കഴിഞ്ഞ 14 വർഷമായി വാടക വീടുകളിൽ കഴിയുകയാണ്. 2013ൽ രാജീവ് ആവാസ് യോജന പ്രകാരം തയാറാക്കിയ പദ്ധതിയിൽ 2014ൽ കെട്ടിട നിർമാണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ തടസ്സപ്പെട്ടു കിടന്നു. വെൽഫെയർ പാർട്ടി അടക്കം സംഘടനകൾ സമരമുഖത്തെത്തിയിരുന്നു. ടി.കെ. അഷറഫ് വീണ്ടും കൗൺസിലർ ആയതോടെ നിർമാണം പുനരാരംഭിച്ചെങ്കിലും പൂർണമായി പൂർത്തിയാക്കാതെയായിരുന്നു ഉദ്ഘാടനം.
കേരളപ്പിറവി ദിനത്തിൽ കൈമാറും -കൗൺസിലർ
ഫ്ലാറ്റിന്റെ പണികൾ പൂർത്തിയായതായും നവംബർ ഒന്നിന് ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും ഡിവിഷൻ കൗൺസിലർ ഫൗസിയ സജീർ പറഞ്ഞു. 352 കുടുംബങ്ങൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്. അവശേഷിക്കുന്നവ പരിശോധനകൾക്ക് ശേഷം കൈമാറുമെന്നും കൗൺസിലർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.