സിനഗോഗിന് തീയിട്ട പ്രതി എബിൻ പോളിനെതിരെ യു.എ.പി.എ ചുമത്തി; അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കും

കൊച്ചി: എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ മുഖ്യപ്രതി എബിൻ പോളിനെതിരെ കർശന നിയമനടപടിയുമായി പൊലീസ്. പ്രതിക്കെതിരെ യുഎപിഎ (UAPA) വകുപ്പുകൾ ഔദ്യോഗികമായി ചുമത്തി. യുഎപിഎയുടെ 16, 18 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമാക്കിയുള്ള ആക്രമണം, ഭീകര പ്രവർത്തനത്തിനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം വൈകാതെ എൻ.ഐ.എ ഏറ്റെടുത്തേക്കും.

കഴിഞ്ഞ ദിവസം പ്രതിയുടെ പശ്ചാത്തലവും സൗഹൃദ വലയവും ആഴത്തിൽ മനസിലാക്കാൻ അന്വേഷണ സംഘം ഇയാൾ പഠിച്ച പുണെയിലെ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും ഒഴിഞ്ഞുകിടന്ന വീടിനും തീവെച്ചതും എബിൻ തന്നെയാണെന്ന് കണ്ടെത്തിയതോടെയാണ് കേസിന്റെ ഗൗരവം വർധിച്ചത്.

'ബോസ്' എന്നയാളുടെ നിർദേശപ്രകാരമാണ് എബിൻ ഈ കൃത്യങ്ങൾ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ബോസ് ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തനിക്ക് നിർദേശം നൽകിയത് 'വിക്രം' എന്നയാളാണെന്നാണ് എബിൻ പൊലീസിന് നൽകിയ മൊഴി. ഇത് വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന ആരെങ്കിലുമാണോയെന്നും, വിക്രം തന്നെയാണ് 'ബോസ്' എന്നും സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എബിൻ പോളിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. പ്രതിയുടെ ഫോൺ പരിശോധനയാണ് കേസിലെ വഴിത്തിരിവെന്നും, ഇതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് പൊലീസിന്റെ പ്രതീക്ഷ.

Tags:    
News Summary - UAPA Slapped on Accused Ebin Paul in Synagogue Arson Case; NIA Likely to Take Over Investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.