കണ്ടാണശ്ശേരിയിൽ കുളത്തിലേക്ക് മറിഞ്ഞ ഇലക്ട്രിക് ഓട്ടോ കരക്ക് കയറ്റുന്നു
കണ്ടാണശ്ശേരിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷ കുളത്തിലേക്ക് മറിഞ്ഞു
ഗുരുവായൂർ: കണ്ടാണശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിൽ ചൊവ്വല്ലൂർ ശിവക്ഷേത്രത്തിന് സമീപം പ്രധാന റോഡരികിലെ കുളത്തിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ദേവസ്വം ജീവനക്കാരായ നാലു പേർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഇലക്ട്രിക് ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടത്തിനിടെ ഹാൻഡിൽ അപ്രതീക്ഷിതമായി ലോക്കായതിനെ തുടർന്ന് നിയന്ത്രണംവിട്ട് ഏകദേശം രണ്ടാൾ താഴ്ചയുള്ള കുളത്തിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ദേവസ്വം ജീവനക്കാരായ ജയദേവൻ (51), ഷിജിൽ (38), ബിജീഷ് (42), വിനയരാജ് (27) എന്നിവരാണ് നിസ്സാര പരിക്കുകളോടെ നീന്തി കരക്ക് കയറിയത്.
അപകടത്തെ തുടർന്ന് പൂർണമായി വെള്ളത്തിൽ മുങ്ങിയ വാഹനം ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നെത്തിയ സംഘം കരക്കെത്തിച്ചു. സ്റ്റേഷൻ ഓഫിസർ എസ്.ഡി. സജിത്ത് ലാലിന്റെ നേതൃത്വത്തിലെത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം. മനേഷ്, ഡ്രൈവർമാരായ കെ.എൽ. എഡ്വേർഡ്, മുഹമ്മദ് അൻസാർ, റെസ്ക്യൂ ഓഫിസർമാരായ നിതിൻ രാജ്, ഷിയാസ്, മുകുന്ദൻ, രാഹുൽ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അഗ്നിരക്ഷാ സേനയുടെ ഡീപ് റൈസർ ഉപയോഗിച്ച് വെള്ളത്തിനടിയിലായിരുന്ന വാഹനം ഉയർത്തി ജലോപരിതലത്തിൽ നിർത്തി. തുടർന്ന് സേനാംഗങ്ങളായ നിതിൻ രാജും മുകുന്ദനും കുളത്തിലിറങ്ങി ദേവസ്വം ബോർഡിന്റെ ക്രെയിൻ ബെൽറ്റിൽ വാഹനം ബന്ധിപ്പിച്ചാണ് സുരക്ഷിതമായി കരക്ക് കയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.