സ്ഥാനാർഥിയാകാൻ എത്ര തുക കെട്ടിവെക്കണം? വോട്ടുചെയ്യാൻ ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നവർ നിക്ഷേപമായി തുക കെട്ടിവെക്കണം. ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്നവർ 2,000 രൂപയാണ് കെട്ടിവെക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും സ്ഥാനാർഥിയാകണമെങ്കിൽ 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.

21 വയസ്സ് തികയണം

സ്ഥാനാർത്ഥിക്ക് നോമിനേഷൻ നൽകുന്ന ദിവസം 21 വയസ്സ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽനിന്നുളള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഡപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനൽകുകയും വേണം.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സ്ഥാനാർത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ 100 മീറ്റർ പരിധിക്കുളളിൽ അനുവദിക്കൂ. വരണാധികാരി/ ഉപവരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാർത്ഥി ഉൾപ്പെടെ 5 പേർക്ക് മാത്രമേ പ്രവേശനാനുമതിയുളളൂ.

ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ

വോട്ടെടുപ്പ് ദിവസം രാവിലെ ആറുമണിക്ക് അതാത് പോളിംഗ് സ്റ്റേഷനിൽ വച്ച് മോക്പോൾ നടത്തും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകുന്നേരം ആറുമണി വരെയാണ് പോളിംഗ്. വോട്ടർമാർക്ക് സൗകര്യപ്രദമായ രീതീയിലാണ് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെളളം, റാമ്പ്, സുഗമമായ വോട്ടിംഗിംനും വിശ്രമിക്കുന്നതിനുമുളള സൗകര്യം എന്നിവ ഏർപ്പെടുത്തും.

വോട്ട് ചെയ്യുന്നതിന് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ:

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്,

പാസ്പോർട്ട്,

ഡ്രൈവിംഗ് ലൈസൻസ്,

പാൻ കാർഡ്,

ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്,

ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും 6 മാസത്തിനു മുമ്പ് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്,

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ രേഖ,

ആധാർ കാർഡ്.

അവധി അനുവദിക്കും

വോട്ടെടുപ്പ് ദിവസം എല്ലാ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കും. സ്വകാര്യ മേഖലയിലെ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധിയോ വോട്ട്ചെയ്യുന്നതിനുളള അനുമതിയോ നൽകുന്നതിന് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിക്കും.

വോട്ടർപട്ടികയ്ക്കായി Electoral Roll Management System എന്ന സോഫ്റ്റ് വെയറും തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾക്ക് e-Drop, വോട്ടെണ്ണലിനായി TREND, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വരണാധികാരി, സെക്ടറൽ ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ എന്നിവർക്ക് പോളിംഗ് ദിവസവും തലേന്നും മോണിറ്ററിംഗിനായി Poll Manager, സ്ഥാനാർത്ഥികൾക്കുളള Nomination Management System, EVM Tracking Software എന്നീ IT Application നുകളും കമ്മീഷൻ പൊതു തിരഞ്ഞെടുപ്പിനായി വിന്യസിച്ചിട്ടുണ്ട്.

Tags:    
News Summary - Kerala local body election: How much Money deposit candidate? identification documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.