ആലപ്പുഴ: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷ്ടിച്ചതിൽ കേരളം നമ്പർ വൺ ആണെന്ന് സി.പി.എം മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ കെ.പി.സി.സി സംസ്കാരസാഹിതി തെക്കൻ മേഖല ക്യാമ്പിൽ ‘സംസ്കാരവും രാഷ്ട്രീയും ഇന്ന്, നാളെ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും കേരളം നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്. അങ്ങനെ എപ്പോഴും പറയേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. എന്തെല്ലാം വൃത്തികേടാണ് നടക്കുന്നത്. പലകാര്യങ്ങളിലും നമ്മള് നമ്പര്‍ വണ്ണാണ്. പക്ഷേ, എത്രയോ കാര്യങ്ങളില്‍ പിറകിലാണ്. എല്ലാത്തിലും നമ്പര്‍ വണ്‍ എന്നുപറഞ്ഞാല്‍ ഇനി വളരാനില്ലെന്നാണ്. അങ്ങനെയാകാന്‍ മനുഷ്യന് പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
63 വർഷം ഒരു പാർട്ടിയിലും പോയിട്ടില്ല. പാർട്ടി മെംബർഷിപ് ഒഴികെ എല്ലാ സ്ഥാനമാനങ്ങളും ഒഴിഞ്ഞ തന്നെ ബി.ജെ.പിക്കാർ വീട്ടിൽവന്ന് വിളിച്ചു. ഗവർണർസ്ഥാനം ഉൾപ്പെടെ ഏത് സ്ഥാനം വേണമെന്നാണ് അവർ ചോദിച്ചത്. ഗവർണറാകുമ്പോൾ വേറെ ശല്യമൊന്നുമില്ലല്ലോ. നിങ്ങൾക്ക് ബി.ജെ.പിയിൽ പോയിക്കൂടേയെന്ന് ചിലർ ചോദിക്കുന്നു. രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാട് തെളിയിച്ചവരെ വെറുതെ കല്ലെറിയരുത്.
ഇടതുപക്ഷ രാഷ്ട്രീയത്തിൽ ആലപ്പുഴ ജില്ലയിൽ എല്ലാ വൃത്തികേടും കാണിക്കുന്നവർ പലരും കടന്നുകൂടിയതിന്റെ ഫലമാണിത്. കമ്യൂണിസ്റ്റുകാർ കോൺഗ്രസ് ചർച്ചാവേദിയിൽ പോകാൻ പാടില്ലെന്ന് പറയുന്നത് വാട്ടർടൈറ്റ് കമ്പാർട്ടുമെന്റുകളായി രാഷ്ട്രീയപാർട്ടികൾ പ്രവർത്തിക്കുന്നതിനാലാണ്. അങ്ങനെ ചിന്തിച്ചാൽ സമൂഹം ഏങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.