കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പുതുയുഗ യാത്രക്കിടെ കോഴിക്കോട് കുറ്റ്യാടിയിലെ വേദിയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. നേതാക്കൾ തമ്മിലുണ്ടായ പിടിവലിയെ സ്നേഹത്തള്ളാണെന്ന് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുമ്പോൾ അത് അങ്ങനെയല്ലയെന്നും തനിക്ക് വ്യക്തമായി അറിയാമെന്നുമാണ് മുല്ലപ്പള്ളി പറയുന്നത്.
'അത്തരമൊരു സ്റ്റേജിൽവെച്ച് അങ്ങനൊയൊരു ഉന്തുംതള്ളും ഉണ്ടാകാൻ പാടില്ലായിരുന്നു. അവിടെത്തെ എം.പിയാണ് ഷാഫി പറമ്പിൽ. അദ്ദേഹത്തിന് തന്റെ മണ്ഡലത്തിലെ ആളുകളോട് സംസാരിക്കണമെന്ന് തോന്നിയെങ്കിൽ അത് തെറ്റല്ല. അവസരം നിഷേധിച്ചെന്ന തോന്നൽ ഷാഫിക്കുണ്ടായി. അതുകൊണ്ടായിരിക്കാം അദ്ദേഹം പ്രകോപിതനായത്. ഇത്രയധികം മാധ്യമങ്ങൾ ചുറ്റും നിൽക്കുന്ന കാര്യം ഷാഫി മറന്നുപോയി. ഇത്തരം ചടങ്ങിൽ അങ്ങനെ ഒരു പ്രകോപനം കാണിക്കാൻ പാടില്ലായിരുന്നു.'- മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റ്യാടിയിലെ ഉന്തലും തള്ളലിലും താൻ സ്റ്റേജിൽ താൻ വീണുപോയെന്നുള്ള വാർത്തകളെ മുല്ലപ്പള്ളി നിഷേധിച്ചു.
യു.ഡി.എഫ്. പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങിലായിരുന്നു ഷാഫി പറമ്പിൽ എം.പിയെ സംസാരിക്കാൻ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് പിടിവലി ഉണ്ടായത്. ജാഥാ ലീഡർ വി.ഡി. സതീശനെ സംസാരിക്കാനായി അധ്യക്ഷൻ ഡി.സി.സി. സെക്രട്ടറി കൂടിയായ പ്രമോദ് കക്കട്ടിൽ വിളിച്ചപ്പോഴാണ് സംഭവം.
ഈ സമയത്ത് ഷാഫിയെ കണ്ട പ്രമോദ് കക്കട്ടിൽ അദ്ദേഹത്തെ സംസാരിക്കാനായി ക്ഷണിക്കാൻ ശ്രമിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞ് ഷാഫി തടഞ്ഞു. ഇത് അവഗണിച്ച് പ്രമോദ് മൈക്കിനടുത്തേക്ക് നീങ്ങിയെങ്കിലും ഷാഫി സമ്മതിച്ചില്ല. വി.ഡി. സതീശന്റെ പ്രസംഗം അവസാനിച്ച ശേഷം ഷാഫി സംസാരിക്കണമെന്ന് സദസ്സിൽ നിന്ന് ആവശ്യമുയർന്നു.
പ്രമോദ് കക്കട്ടിൽ ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേക്ക് പോകുമ്പോൾ വീണ്ടും ഷാഫി തടഞ്ഞു. ഇതോടെ വീണ്ടും പിടിവലിയായി. ഒടുവിൽ ഷാഫിയെ ക്ഷണിക്കുകയും ഷാഫി പെട്ടെന്നു തന്നെ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ സംഭവത്തിൽ പുറത്തുവന്ന വാർത്ത മുഴുവൻ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു ‘സ്നേഹത്തള്ളാ’യിരുന്നുവെന്നും കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ പ്രവീൺ കുമാർ വിശദീകരിച്ചു.
'ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല. പ്രവർത്തകർ ഷാഫിയെ വിളിക്കണമെന്ന് പറഞ്ഞപ്പോൾ വിളിക്കരുതെന്ന് പറഞ്ഞ് സ്നേഹത്തള്ള് നടത്തിയതാ. വേദിയിലുണ്ടായിരുന്ന ആരും താഴെവീണില്ല. കുറ്റ്യാടിയിലെ സ്റ്റേജിൽ പ്രതീക്ഷക്ക് വിരുദ്ധമായി ആളുകൾ കൂടുതൽ വന്നിരുന്നു. അത് പിന്നീടുള്ള സ്റ്റേജിൽ നിയന്ത്രിച്ചിരുന്നു. ഞങ്ങളുടേത് വലിയൊരു ജനാധിപത്യ പാർട്ടിയല്ലേ. അങ്ങനെയൊക്കെ സംഭവിക്കില്ലേ' -പ്രവീൺ കുമാർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.