കെ.പി.സി.സി അധ്യക്ഷ സ്ഥാനം: സണ്ണി ജോസഫ് തന്നെ തുടരുമെന്ന് സൂചന

ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരുമെന്ന് സൂചന. തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായി സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നാണ് കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായമെന്ന് അറിയുന്നു.

രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷനായ കാലത്ത് ഹരിപ്പാട് മത്സരിച്ചത് അധ്യക്ഷ സ്ഥാനം രാജിവെക്കാതെയായിരുന്നു എന്നാണ് ഇതിന് കാരണമായി ചിലർ ചൂ‍ണ്ടിക്കാട്ടുന്നത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഡൽഹിയിൽ എത്തും. തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിനായാണ് സണ്ണിജോസഫ് ഡൽഹിയിൽ എത്തുന്നത്.

സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് സണ്ണി ജോസഫിനെ മാറ്റാൻ ഉദ്ദേശിച്ചത്. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ സംസ്ഥാനത്തൊട്ടാകെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ സണ്ണി ജോസഫിന് സമയം ലഭിക്കില്ലെന്നും അതിനാലാണ് അധ്യക്ഷനെ മാറ്റാൻ ശ്രമിക്കുന്നതെന്നുമായിരുന്നു വിശദീകരണം. ഈ സാഹചര്യത്തിൽ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാനെ പരിഗണിച്ചിരുന്നു. പേരാവൂരിൽ സണ്ണി ജോസഫ് മത്സരിക്കുമെന്നാണ് അറിയുന്നത്. 

അതേസമയം, കോൺ​ഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വട്ടിയൂർകാവിനെയും ഉൾപ്പെടുത്തും. കെ.മുരളീധരനെ വട്ടിയൂർകാവിൽ നേരത്തേ ഇറക്കാനാണ് കോൺഗ്രസ് നീക്കം. ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഫെബ്രുവരി 22 ന് ശേഷം നടക്കും.

സംസ്ഥാന നേതാക്കളുമായി അവസാനവട്ട കൂടിയാലോചന നടത്തിയ ശേഷം ഒന്നാംഘട്ട സ്ഥാനാർഥി പട്ടികക്കൊപ്പം തന്നെ താൽക്കാലിക അധ്യക്ഷനേയും പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനായി ബെന്നി ബഹന്നാനെ  പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - KPCC President post: Indications that Sunny Joseph will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.