തിരുവനന്തപുരം: നെടുമങ്ങാട് നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർക്ക് സസ്പെൻഷൻ. ഡോ.ബിന്ദു സുന്ദറിനേയാണ് സസ്പെൻഡ് ചെയ്തത്. ചികിത്സപ്പിഴവിന് പിന്നാലെ കൈക്കൂലി ആരോപണം കൂടി ഉയർന്നതോടെയാണ് ബിന്ദു സുന്ദറിനെതിരെ നടപടിയെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്.എ.ടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെയാണ് നിയോഗിച്ചത്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടമാരാണ് സംഘത്തിലുള്ളത്.
ഗർഭിണി ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ വൈകിപ്പിച്ചു, വിവരം ബന്ധുക്കളെ അറിയിച്ചില്ല, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉയർത്തിയത്.
കഴിഞ്ഞ ദിവസമാണ് സിസേറിയനൊടുവിൽ പുറപ്പെടുത്ത നവജാതശിശു മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിൻ്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർ.ഡി.ഒയേയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെയാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു.
രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.