‘അയ്യപ്പസംഗമം നടത്താം, കണക്കുകൾ സുതാര്യമാകണം’; അനുമതി നൽകി ഹൈകോടതി

കൊച്ചി: ഈ മാസം 20ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ഹൈകോടതി അനുമതി നൽകി. വിഷയത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു. സംഗമത്തിന്റെ ഭാഗമായി പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളില്‍ ഇത് ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ക്ക് നല്‍കണം എന്നീ നിര്‍ദേശങ്ങളും ഹൈകോടതി നല്‍കിയി.

ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തുന്ന രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ആഗോള അയ്യപ്പ സംഗമമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികള്‍ ഹൈകോടതിക്ക് മുമ്പാകെ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സര്‍ക്കാറിനോട് ഹൈകോടതി വ്യക്തത തേടിയിരുന്നു. പരിപാടിയില്‍ സര്‍ക്കാറിന്റെ പങ്ക്, ധനസമാഹരണം, പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്നിവയെക്കുറിച്ച് ബെഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും മറുപടി നല്‍കിയ ശേഷമാണ് സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചത്.

അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാല്‍, അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിലേക്ക് ആരെയൊക്കെയാണ് ക്ഷണിക്കുന്നത്? ക്ഷണിതാക്കളുടെ കാര്യത്തില്‍ മാനദണ്ഡമുണ്ടോ? പരിപാടിയുടെ ഭാഗമായി പണപ്പിരിവ് നടക്കുന്നുണ്ടോ? പണപ്പിരിവ് നടക്കുന്നുണ്ടെങ്കില്‍, ആ പണം എന്തെല്ലാം ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു.

സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് നേരിട്ടെത്തിയാണ് വാദം നടത്തുന്നത്. ശബരിമലയുടെ വികസനത്തിന് വേണ്ടിയാണ് സംഗമം നടത്തുന്നത് എന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയിൽ അറിയിച്ചത്. പരിപാടിയുടെ ഭാഗമായി നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി 1300 കോടി രൂപയോളം വേണ്ടിവരും. റോപ് വേ അടക്കമുള്ള മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ സഹായിക്കാന്‍ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കേണ്ടതില്ലേ എന്നും സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചു.

ചെലവ് കണ്ടെത്തുക സ്പോൺസർഷിപ്പിലൂടെയും സി.എസ്.ആർ ഫണ്ട് സ്വീകരിച്ചും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാവിലെ പന്തളം കൊട്ടാരത്തിലെത്തിയ പി.എസ്. പ്രശാന്ത് ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ തേടി. ശബരിമലയിലേക്ക് പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാകുന്നത്. പന്തളം കൊട്ടാരത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പി.എസ്. പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണോ എന്നത് കൂടിയാലോചിച്ചു തീരുമാനിക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം അറിയിച്ചു.

Tags:    
News Summary - Kerala High Court Permits to Organise Global Ayyappa Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.