ദ്വാരപാലക ശിൽപങ്ങളും സ്വർണപ്പാളിയും
കൊച്ചി: ശബരിമലയിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളിക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ച് ഹൈകോടതി. സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് പരാമർശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എ. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ചിന്റെ നടപടി.
പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആറ് ആഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. കുറ്റകൃത്യം കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്യണം. അന്വേഷണം പൂർണമായും കോടതിയുടെ നിയന്ത്രണത്തിലാവും. ബന്ധപ്പെട്ട കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് അനുമതി തേടണം. 2024 ഒക്ടോബർ 16ന് ദ്വാരപാലക പീഠം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ സ്മാർട്ട് ക്രിയേഷൻസ് നിർദേശിച്ചതിൽ വിശദമായ അന്വേഷണം വേണം. ദ്വാരപാലകശില്പങ്ങൾക്ക് മുമ്പുതന്നെ സ്വർണാവരണം ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
വിഷയത്തിൽ പ്രാഥമികാന്വേഷണം നടത്തിയ ദേവസ്വം വിജിലൻസ് എസ്.പി സുനിൽകുമാർ തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകിയിരുന്നു. മുദ്രവെച്ച കവറിൽ റിപ്പോർട്ടും കൈമാറി. വെള്ളിയാഴ്ച അന്തിമറിപ്പോർട്ട് നൽകുമെന്നാണ് കരുതപ്പെടുന്നത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികൾ പരിശോധിക്കാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ ആവശ്യം കോടതി അനുവദിച്ചു. വെള്ളിയാഴ്ചയ്ക്കകം പരിശോധന പൂർത്തിയാക്കണം. 2019-ലും ഇപ്പോഴും എടുത്ത ഫോട്ടോകളടക്കം ഇതിന്റെ ഭാഗമായി പരിശോധിക്കാം.
വിജയ് മല്യയുടെ നേതൃത്വത്തിലുളള യു.ബി ഗ്രൂപ്പിന്റെ ഫിനാൻസ് മാനേജർ 2008-ൽ ദേവസ്വംബോർഡിന് അയച്ച കത്തും ഇതിനിടെ ചർച്ചയായിട്ടുണ്ട്. ദ്വാരപാലകശില്പങ്ങൾക്ക് സ്വർണപ്പാളി സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കത്ത്. 1.564 കിലോ സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. ശ്രീകോവിലിനടക്കം ആകെ 30.29 കിലോഗ്രാമാണ് ഉപയോഗിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, 2019-ൽ സ്വർണപ്പാളികൾ സ്വർണംപൂശുന്നതിനായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോയപ്പോൾ ദേവസ്വം മഹസറിൽ ചെമ്പാണെന്നാണ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻപോറ്റിയുടെ കൈവശമാണ് ഇത് കൊടുത്തുവിട്ടിരുന്നത്.
സ്വർണം പൂശിയശേഷം കുറച്ച് ബാക്കിയുണ്ടെന്നും ഇത് നിർധനപെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാനാകുമോയെന്നും ചോദിച്ച് ഉണ്ണികൃഷ്ണൻപോറ്റി 2019 ഡിസംബർ ഒമ്പതിന് അന്നത്തെ ദേവസ്വം പ്രസിഡന്റിന് ഇ മെയിൽ അയച്ചിട്ടുണ്ട്. ബോർഡിൻറെ അഭിപ്രായം തേടിയായിരുന്നു ഇ മെയിൽ. പോറ്റിയുടെ കൈവശം ബാക്കി സ്വർണം ഉണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ദേവസ്വം ഉദ്യോഗസ്ഥർ പോറ്റിയുമായി ചേർന്ന് ക്ഷേത്രത്തിന്റെ പരിശുദ്ധിയെപ്പോലും വഞ്ചിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതായി കരുതേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു.
ശബരിമലയിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അന്വേഷണം നടത്താൻ രൂപവൽക്കരിച്ച പ്രത്യേക അന്വേഷണ സംഘത്തെ തൃശ്ശൂർ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എസ്. ശശിധരൻ നയിക്കും. വാകത്താനം സി.ഐ അനീഷ്, കയ്പമംഗലം സി.ഐ ബിജു രാധാകൃഷ്ണൻ, തിരുവനന്തപുരം തൈക്കാട് സൈബർ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ സുനിൽകുമാർ എന്നിവരാണ് അംഗങ്ങൾ.
ഇതിനിടെ, ദേവസ്വം വിജിലന്‍സ് ഹൈകോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നു. ശബരിമലയിൽ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളികളിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് വിജിലന്‍സിന്‍റെ നിര്‍ണായക കണ്ടെത്തൽ.
പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നു. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണമുണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോൾ 394 ഗ്രാം സ്വർണം മാത്രമാണെന്നാണ് നിർണായക കണ്ടെത്തൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ സംശയനിഴലിൽ നിർത്തുന്നതാണ് ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോർട്ട്.
പോറ്റി യാഹൂ അക്കൗണ്ടിൽ നിന്ന് എ പത്മകുമാറിന് അയച്ച ഇ മെയിൽ സന്ദേശം ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സ്വർണത്തിന്‍റെ വിവരങ്ങൾ ആരായുന്നുണ്ട്. പിന്നാലെയാണ് സ്വർണപാളികള്‍ ബോർഡ് പോറ്റിക്ക് കൈമാറുന്നത്. ചട്ടവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ പോറ്റിക്ക് അനുമതി നൽകിയതിലും പരിശോധന നടത്താതെ തിരികെ കൊണ്ടുവന്നതിൽ അടക്കം അടിമുടി ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും നിർണ്ണായക വിവരങ്ങൾ ലഭിച്ചതോടെയാണ് ദേവസ്വം വിജിലൻസ് ഇടക്കാല റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറിയത്.
സ്വർണ്ണപ്പാളികളിലെ സ്വർണ്ണത്തിൻറെ മൂല്യവും തൂക്കവും മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല.മഹസറിൽ തിരുവാഭരണം കമ്മീഷണറും ദേവസ്വം സ്മിത്തും ഒപ്പിട്ടിട്ടില്ലെന്നും കണ്ടെത്തി.ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദാണ് മഹസർ തയ്യാറാക്കിയത്. ദേവസ്വം സ്മിത്താണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തേണ്ടത്. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയിരുന്നത് സ്വർണം പൊതിഞ്ഞ പാളികൾ തന്നെയായിരുന്നുവെന്നാണ് ദേവസ്വം ഉദ്യോഗസ്ഥൻ വിജിലൻസിന് നൽകിയ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.