എന്നുയരും ഈ സ്കൂളുകള്‍ക്ക് സ്വന്തം കെട്ടിടങ്ങള്‍?

മലപ്പുറം: ഇന്‍റര്‍വെല്ലിന് ഓടിക്കളിക്കാന്‍ മുറ്റമില്ല, പന്തു തട്ടാന്‍ മൈതാനമില്ല, പഠനത്തിനോ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കോ മതിയായ സൗകര്യങ്ങളില്ല. അസൗകര്യങ്ങളുടെ നടുവിലിരുന്ന് പാഠം പഠിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 128 സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍. വിവരാവകാശ അപേക്ഷയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ മറുപടിയിലാണ് സംസ്ഥാനത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ വിവരമുള്ളത്. പെതുവിദ്യാഭ്യാസ വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തയാറാക്കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 128 സ്കൂളുകളില്‍ 32ഉം മലപ്പുറം ജില്ലയിലാണ്. 31 സര്‍ക്കാര്‍ സ്കൂളുകളും ഒരു എയ്ഡഡ് സ്കൂളും. ഇങ്ങനെയുള്ള മിക്കവാറും സ്കൂളുകള്‍ സുരക്ഷാ ഭീഷണിയുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

വാടകക്കെട്ടിടത്തിലായതിനാല്‍ അറ്റകുറ്റപ്പണിക്കോ ശൗചാലയം അടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനോ ഈ സ്കൂളുകള്‍ക്ക് സര്‍ക്കാരിന്‍െറ ഒരു ധനസഹായവും ലഭിക്കുന്നില്ല. സ്കൂള്‍ ആധുനികവത്കരണത്തിന്‍െറ ഭാഗമായ സ്മാര്‍ട്ട് ക്ളാസ്മുറി പോലുള്ള സംവിധാനങ്ങളും ഈ കുട്ടികള്‍ക്ക് അന്യമാണ്.
ഓരോ വര്‍ഷവും ബജറ്റില്‍ കോടികള്‍ വിദ്യാഭ്യാസ മേഖലക്ക് വകയിരുത്തുന്ന സര്‍ക്കാര്‍ ഈ സ്കൂളുകള്‍ക്ക് സ്വന്തം കെട്ടിടം ഒരുക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതേസമയം, വാടകയിനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ഓരോ അധ്യയന വര്‍ഷവും സര്‍ക്കാര്‍ ചെലവഴിക്കുന്നത്. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളാണ് വാടക നല്‍കുന്നത്. മലപ്പുറം നഗരസഭയിലെ ഒമ്പത് ക്ളാസ് മുറികളുള്ള എല്‍.പി സ്കൂള്‍ ഒരു വര്‍ഷം കെട്ടിട വാടക ഇനത്തില്‍ നല്‍കുന്നത് 3.12 ലക്ഷം രൂപയാണ്. മറ്റു സ്കൂളുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2012-13 സാമ്പത്തിക വര്‍ഷം 3,750 കോടി രൂപയും 2013-14 ല്‍ 4,000 കോടി രൂപയും 2014-15ല്‍ 1,000 കോടി രൂപയും 2015-16ല്‍ 2,100 കോടിയും 2016-17ല്‍ 3,445 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, ഈ സ്കൂളുകളെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നത് വിദ്യാഭ്യാസ വകുപ്പിന്‍െറ അജണ്ടയില്‍ കടന്നുവന്നിട്ടില്ല.

Tags:    
News Summary - kerala govt school, lack of fecilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.